ഒമാനിൽ ചില വിഭാഗം കറൻസികളുടെ ഉപയോഗം അവസാനിപ്പിക്കുന്നു

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 2020ന് മുമ്പ് പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിക്കുന്നത്.

Update: 2024-01-07 17:14 GMT
Advertising

മസ്‌കത്ത്: ഒമാനിൽ ചില വിഭാഗം കറൻസികളുടെ ഉപയോഗം അവസാനിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 360 ദിവസത്തെ കാലയളവിന് ശേഷം പ്രാബല്യത്തിൽ വരും. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കും.

സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 2020ന് മുമ്പ് പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിക്കുന്നത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ അവ മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. 1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ, 2000 നവംബറിൽ പുറത്തിറക്കിയ 50, 20, 10, അഞ്ച് റിയാലുകൾ, 2005ൽ പുറത്തിറക്കിയ ഒരു റിയാൽ, 2010ൽ പുറത്തിറക്കിയ 20 റിയാൽ, 2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, അഞ്ച് റിയാലുകൾ, 2015ൽ പുറത്തിറക്കിയ ഒരു റിയാൽ, 2019ൽ ഇറക്കിയ 50 റിയാൽ എന്നീ കറൻസികളുടെ ഉപയോഗമാണ് അവസാനിപ്പിക്കുന്നത്.

പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിച്ച് നിശ്ചയിച്ച കാലാവധിവരെ ഇടപാടുകൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റും സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. നോട്ടുകൾ ഔദ്യോഗിക ബാങ്കുകളിൽനിന്നും പണമിടപാട് സ്ഥാനപങ്ങളിൽനിന്നും മാറ്റിയെടുക്കാവുന്നതുമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News