Writer - razinabdulazeez
razinab@321
മസ്കത്ത്: പെരുന്നാൾ അടുത്തതോടെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഈദ് ഹബ്തകൾ ഉയർന്നു തുടങ്ങി. നോമ്പ് അവസാന പത്തിലേക്ക് കടക്കുന്നതോടെ പെരുന്നാൾ ഒരുക്കത്തിനായി ഒമാനികൾ തയ്യാറെടുത്തുതുടങ്ങും. അപ്പോഴാണ് താൽകാലിക ചന്തകൾ ഉയർന്നു തുടങ്ങുക. ആടും ഒട്ടകവും വസ്ത്രങ്ങളും ഭക്ഷണ ഉത്പന്നങ്ങളും വാങ്ങാൻ കുടുംബത്തോടപ്പം ചന്തകളിലേക്ക് ഒഴുകി തുടങ്ങും. രാജ്യത്തിന്‍റെ തനത് പാരമ്പര്യങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ. പെരുന്നാളിന് വേണ്ട എല്ലാ വസ്തുക്കളും ലഭിക്കുന്ന തുറന്ന ചന്ത. സൂര്യോദയം മുതൽ രാവിലെ പതിനൊന്ന് വരെയും ചിലയിടങ്ങളിൽ ഉച്ചക്ക് ഒരു മണി വരെയുമായിരിക്കും ഹബ്തയുണ്ടാകുക. ഹബ്ത നടക്കുന്ന വിലായതിൽ നിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽ നിന്നും ജനങ്ങളെത്തും. ഇബ്ര, വാദി ബനീ ഖാലിദ്,, നിസ്‌വ, റുസ്തഖ്, സൂർ,സുവൈഖ്, ബഹ്‌ല, ബർക, തുടങ്ങി ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഹബ്ത മാർക്കറ്റുകൾ ഇപ്പോഴും സജീവമാണ്. കുട്ടികൾക്ക് ഒമാനി പാരമ്പര്യങ്ങളെ കുറിച്ച് മനസ്സിലാക്കികൊടുക്കാനുള്ള അവസരം കൂടിയാണിത്. ഇത്തരം ഹബ്തമാർക്കറ്റുകൾ. വിലപ്പേശി കന്നുക്കാലികളെ മേടിക്കാൻ കഴിയുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. തുറന്ന ഇടങ്ങളിലോ ഈത്തപ്പനകൾ, മാവ്, ഗാഫ് മരം എന്നിവയുടെ തണലിലോ കോട്ടകൾക്കും മാളികകൾക്കും സമീപമോ ആണ് സാധാരണ ഹബ്ത മാർക്കറ്റുകൾ കണ്ടുവരുന്നത്. സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളുമെല്ലാം സജീവമണെങ്കിലും ഹബ്ത സന്ദർശിക്കാതെ തങ്ങളുടെ പെരുന്നാളുകൾ പൂർണമാകില്ലെന്നാണ് സ്വദേശികൾ പറയുന്നത്.