2024 ൽ 2% വർധന: ഒമാൻ ജനസംഖ്യ 5.268 ദശലക്ഷമായി
ഒമാനി പൗരന്മാർ -56.6% -2,984,793 പേർ. പ്രവാസികൾ -43.3% - 2,283,279 പേർ
മസ്‌കത്ത്: ഒമാൻ ജനസംഖ്യ 5.268 ദശലക്ഷമായതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ കണക്ക്. 2023 ൽ 5,165,602 ആയിരുന്ന ഒമാന്റെ ജനസംഖ്യ 2024 ൽ 2% വർധിച്ച് 5,268,072 ആകുകയായിരുന്നു. മൊത്തം ജനസംഖ്യയുടെ 56.6% ഒമാനി പൗരന്മാരാണ്. അഥവാ 2,984,793 പേർ. 43.3% ആണ് പ്രവാസികൾ. അഥവാ 2,283,279 പേർ.
ജനസംഖ്യാപരമായ മാറ്റങ്ങളുടെ തുടർച്ചയാണ് കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്, ജനസംഖ്യയുടെ ഭൂരിഭാഗവും ഒമാനി പൗരന്മാരാണ്. അതേസമയം പ്രവാസികൾ ഗണ്യമായ സാന്നിധ്യമായി തുടരുന്നു, പ്രത്യേകിച്ച് മസ്‌കത്ത് പോലുള്ള നഗരപ്രദേശങ്ങളിൽ.
മസ്‌കത്ത് ഗവർണറേറ്റിലാണ് കൂടുതൽ ജനസംഖ്യാ വളർച്ചയുണ്ടായത്. 1,499,549 ആണ് നിലവിലെ ജനസംഖ്യ. 3% വർധനവുണ്ടായി. 2023ൽ 1,455,680 പേരാണുണ്ടായിരുന്നത്. ഗവർണറേറ്റിലെ ജനസംഖ്യയുടെ 39 ശതമാനം പൗരന്മാരാണെങ്കിലും, 2023 നെ അപേക്ഷിച്ച് അവരുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞു. ഗവർണറേറ്റിൽ 2023 ൽ 585,016 പൗരന്മാരാണുണ്ടായിരുന്നത്. എന്നാലത് 2024ൽ 584,092 ആയി കുറയുകയായിരുന്നു. അതേസമയം, മസ്‌കത്തിലെ പ്രവാസികളുടെ എണ്ണം 915,457 ആയി.
മറ്റ് ഗവർണറേറ്റിലെ ജനസംഖ്യാ പ്രവണതകൾ വ്യത്യസ്തമാണ്. ബുറൈമിയിലാണ് ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക്. 4.1 ശതമാനം. 2023 ൽ 130,576 ആയിരുന്ന ജനസംഖ്യ 135,879 ആയി വർധിച്ചു.
നാല് ശതമാനം വർധനവോടെ സൗത്ത് ബാത്തിനയിലെ ജനസംഖ്യ 545,449 ൽ നിന്ന് 2024 ൽ 567,455 ൽ എത്തി.
ദോഫാറിലും നോർത്ത് ഷർഖിയയിലും 1.6 ശതമാനം വളർച്ചയുണ്ടായി. ജനസംഖ്യ യഥാക്രമം 529,625 ഉം 320,510 ഉം ആയി. നോർത്ത് ബാത്തിനയിലെ ജനസംഖ്യ 0.9% വർധിച്ച് 925,802 ആയി. ദാഖിലിയയിൽ 0.6 ശതമാനത്തിന്റെ ചെറിയ വർധനവ് രേഖപ്പെടുത്തി, 558,373 ആയി.
ജനസംഖ്യ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയ ഒരേയൊരു ഗവർണറേറ്റാണ് മുസന്ദം. 2.9 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2023-ൽ 56,800 ആയിരുന്ന ജനസംഖ്യ ഇപ്പോൾ 55,148 ആയി കുറഞ്ഞു.
ഏറ്റവും കൂടുതൽ പൗരന്മാരുള്ള ഗവർണറേറ്റുകളിൽ, 597,608 ഒമാനികളുമായി നോർത്ത് ബാത്തിനയാണ് മുന്നിൽ. തൊട്ടുപിന്നാലെ 584,092 ഒമാനികളുമായി മസ്‌കത്തും 403,825 ഒമാനികളുമായി ദാഖിലിയയുമുണ്ട്.
മസ്‌കത്തിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത്, 915,457 പേർ. 328,194 പ്രവാസികളുമായി നോർത്ത് ബാത്തിനയും 290,782 പ്രവാസികളുമായി ദോഫാറും തൊട്ടുപിന്നാലെയുണ്ട്.