ഗുണമേന്മയുള്ള ജീവിതം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ മികച്ച സ്ഥാനം നേടി ഒമാൻ
ആഗോളതലത്തില്‍ ഏഴാം സ്ഥാനമെന്ന അഭിമാന നേട്ടവും ഒമാന്‍ സ്വന്തമാക്കി.
മസ്കത്ത്: ഗുണമേന്മയുള്ള ജീവിതം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ മികച്ച സ്ഥാനം നേടി ഒമാൻ. ആഗോള തലത്തില്‍ ഏഴാം സ്ഥാനമെന്ന അഭിമാന നേട്ടവും ഒമാന്‍ സ്വന്തമാക്കി.
പ്രത്യേക രാജ്യത്തോ നഗരത്തിലോ ജീവിക്കുന്ന വ്യക്തികളുടെ മൊത്തം ക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ സംഭാവന നല്‍കുന്ന വിവിധ ഘടകങ്ങളെ സമഗ്രമായി പരിശോധിച്ചാണ് ആഗോള ഏജന്‍സിയായ നൂംബിയോ സൂചിക തയ്യാറാക്കിയത്. സൂചികയില്‍ 184.8 പോയിന്റാണ് ഒമാന്‍ നേടിയത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് സുല്‍ത്താനേറ്റ് കാഴ്ചവെച്ചത്.
സാധനങ്ങള്‍ വാങ്ങാനുള്ള ശേഷി, മലിനീകരണ തോത്, പാര്‍പ്പിട ചെലവ് വഹിക്കാനുള്ള ശേഷി, ജീവിത ചെലവ്, സുരക്ഷ, ആരോഗ്യരക്ഷാ ഗുണമേന്മ, യാത്രാ സമയം, കാലാവസ്ഥ അടക്കമുള്ള ജീവിത ഗുണമേന്മയെ സ്പര്‍ശിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒമാൻ ഉയര്‍ന്ന റാങ്ക് നേടി. പശ്ചാത്തല സൗകര്യ വികസനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഒമാന്റെ നിരന്തര നിക്ഷേപം ജീവിത ഗുണമേന്മ ഉയരാന്‍ കാരണമായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഈ സൂചികയില്‍ ഏറെ മുന്നിലാണ് ഒമാന്‍.