ടി20 ലോകകപ്പ്: ഒമാനെ ആഖിബ് ഇല്യാസ് നയിക്കും
ജൂൺ ഒന്ന് മുതൽ 29 വരെ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായാണ് ലോകകപ്പ് നടക്കുക
മസ്‌കത്ത്: 2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഒമാനെ പരിചയസമ്പന്നനായ ഓൾറൗണ്ടർ ആഖിബ് ഇല്യാസ് നയിക്കും. ടീമിന്റെ തലപ്പത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ സീഷാൻ മഖ്സൂദിന് പകരമാണ് ആഖിബ് ഇല്യാസ് എത്തുന്നത്. ബുധനാഴ്ചയാണ് 15 അംഗ ടീമിനെയും നായകനെയും ഒമാൻ പ്രഖ്യാപിച്ചത്. ജൂൺ ഒന്ന് മുതൽ 29 വരെ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായാണ് ലോകകപ്പ് നടക്കുക.
തന്റെ പരിചയസമ്പന്നരായ കളിക്കാരിൽ വിശ്വാസം അർപ്പിച്ചാണ് ദേശീയ ടീം ഹെഡ് കോച്ചും ഒമാൻ ക്രിക്കറ്റിന്റെ ചീഫ് ഡെവലപ്മെന്റ് ഓഫീസറുമായ ദുലീപ് മെൻഡിസ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. 2021 ലെ ടി20 ലോകകപ്പിൽ കളിച്ച ഒമ്പത് പേർ പുതിയ ടീമിലും ഇടംനേടി. സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ കശ്യപ് പ്രജാപതി, ഖാലിദ് കെയിൽ, വിക്കറ്റ് കീപ്പർ പ്രതീക് അത്താവലെ, സ്പിന്നർ ഷക്കീൽ അഹമ്മദ്, ഓൾറൗണ്ടർമാരായ ഷുഐബ് ഖാൻ, റഫിയുള്ള എന്നീ ആറ് കളിക്കാർ ടി20 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കും.
മുഹമ്മദ് നദീം, അയാൻ ഖാൻ, റഫിയുല്ല, മെഹ്റാൻ ഖാൻ, ഷുഐബ് ഖാൻ എന്നിവർക്കൊപ്പം ക്യാപ്റ്റൻ ഇല്യാസും മഖ്സൂദും ഓൾറൗണ്ടർമാരാണ്. ബിലാൽ ഖാൻ, ഫയാസ് ബട്ട്, കലീമുല്ല എന്നിവർ പേസ് ആക്രമണത്തിന് നേതൃത്വം നൽകും. ഷക്കീൽ അഹമ്മദാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. സ്പിന്നർ ഡിപ്പാർട്ട്മെന്റിൽ ഇല്യാസും മഖ്സൂദും അയാനും അദ്ദേഹത്തിന് പിന്തുണ നൽകും. അത്താവലെയും നസീം ഖുഷിയുമാണ് ടീമിലെ രണ്ട് വിക്കറ്റ് കീപ്പർമാർ.
2016 ൽ ഇന്ത്യയിൽ ഒമാൻ തങ്ങളുടെ കന്നി ഐസിസി ടി 20 ലോകകപ്പ് കളിച്ചിരുന്നു. അന്നത്തെ ടീമിലെ നാല് കളിക്കാർ - മഖ്സൂദ്, നദീം, മെഹ്റാൻ, ബിലാൽ - ഇപ്പോഴും ദേശീയ ടീമിനായി കളി തുടരുകയാണ്. ഒമാനും യുഎഇയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2021 ടി20 ലോകകപ്പിലിറങ്ങിയ ഇല്യാസ്, ബട്ട്, കലീമുള്ള, ഖുഷി, അയാൻ എന്നിവരും ടീമിൽ തുടരുന്നു. ജതീന്ദർ സിംഗ്, സമയ് ശ്രീവാസ്തവ, സുഫിയാൻ മെഹ്‌മൂദ്, ജയ് ഒഡെദ്ര എന്നിവരാണ് പുതിയ ടീമിൽ റിസർവ് ലിസ്റ്റിലുള്ളത്.
ഒമാൻ സ്‌ക്വാഡ്: ആഖിബ് ഇല്യാസ് (ക്യാപ്റ്റൻ), സീഷൻ മഖ്‌സൂദ്, കശ്യപ് പ്രജാപതി, പ്രതീക് അത്താവലെ (WK), അയാൻ ഖാൻ, ഷുഐബ് ഖാൻ, മുഹമ്മദ് നദീം, നസീം ഖുഷി (wk), മെഹ്റാൻ ഖാൻ, ബിലാൽ ഖാൻ, റഫിയുള്ള, കലീമുല്ല, ഷക്കീൽ ബട്ട്, ഷക്കീൽ ബട്ട്. അഹ്‌മദ്. റിസർവ്: ജതീന്ദർ സിംഗ്, സമയ് ശ്രീവാസ്തവ, സുഫിയാൻ മെഹമൂദ്, ജയ് ഒഡെദ്ര.
ഒഫീഷ്യൽസ്: ദുലീപ് മെൻഡിസ് (പ്രധാന പരിശീലകൻ), എവർട്ട് ലോബ്ഷർ (അസിസ്റ്റന്റ് കോച്ച്), സീൻ നൊവാക് (ഫിസിയോ), മസർ ഖാൻ (കോച്ച് കോ-ഓർഡിനേറ്റർ), സീഷൻ സിദ്ദിഖി (വീഡിയോ അനലിസ്റ്റ്), ചമ്പക രാമനായകെ (ബൗളിംഗ് കോച്ച്), അൽകേഷ് ജോഷി (ടീം മാനേജർ), ഡോ. മഞ്ജുനാഥ് (ടീം ഡോക്ടർ), വരുൺ ഖിംജി (മീഡിയ മാനേജർ), അംജദ് ഖാൻ (മസ്സർ).