ഒമാനിലെ ബുറൈമിയിൽ നിന്നും യുഎഇയിലെ അല്‍ ഐനിലേക്ക് ബസ് സർവിസ്
മസ്‌കത്തിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഈ ബസ് സർവീസ് സഹായമാകും.
ഒമാനിലെ ബുറൈമി ഗവര്‍ണറേറ്റില്‍ നിന്നും യുഎഇയിലെ അല്‍ ഐനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് അബൂദബിയിലെ ഗതാഗത സേവനക്കമ്പനിയായ ക്യാപിറ്റൽ എക്‌സ്പ്രസുമായി ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ഒമാനിലെ ബുറൈമി ബസ് സ്‌റ്റേഷനില്‍ നിന്നും അല്‍ ഐന്‍ സിറ്റി ബസ് സ്‌റ്റേഷനിലേക്ക് പ്രതിദിന സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കത്തിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഈ ബസ് സർവീസ് സഹായമാകും. അതോടൊപ്പം മറ്റു റൂട്ടുകളുമായി സംയോജിപ്പിച്ച്, അബൂദബിയിൽ നിന്ന് അൽഐനിലൂടെ മസ്‌കത്തിലേക്കും സലാലയിലേക്കും യാത്ര ചെയ്യുന്നതിനും സർവിസ് യാത്രക്കാർക്ക് സഹായകരമാകും. മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും ക്യാപിറ്റൽ എക്‌സ്പ്രസിന്റെ ഡയറക്ടർ ബോർഡ് അംഗം സഈദ് ബിൻ ഖലഫ് അൽ ഖുബൈസിയുമാണ് കരാറിൽ ഒപ്പുവെച്ചത്.