ഒമാനിൽ മജ്ലിസ് ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഇ-വോട്ടിങും
ഒമാൻ പൗരന്മാർ ഇൻതിഖാബ് ആപ് വഴിയാണ് സമ്മതിദാനം നിർവഹിച്ചത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്.
മസ്കത്ത്: ഒമാനിൽ മജ്ലിസ് ശൂറ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നു. ഒമാൻ പൗരന്മാർ ഇൻതിഖാബ് ആപ് വഴിയാണ് സമ്മതിദാനം നിർവഹിച്ചത്. ശൂറ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിങ് നടപ്പാക്കുന്നത്.
ഒമാനിൽ രാവിലെ എട്ടു മുതല്‍ രാത്രി ഏഴു വരെയായിരുന്നു മജ്ലിസ് ശുറ തെരഞ്ഞെടുപ്പ് നടന്നത്. ആപ്ലിക്കേഷനിലൂടെയുള്ള വോട്ടിങ്ങ് രീതിയായതിനാൽ വീട്ടിലിരുന്നും തൊഴിലിടത്തുനിന്നുമെല്ലാം ഒമാൻ പൗരൻമാർക്ക് സമ്മതിദാനം വിനിയോഗിക്കാനായി. ലഭ്യമായ കണക്കു പ്രകാരം 4,96,279 പേരാണ് വോട്ടു രേഖപ്പെടുത്തിയത് . ഇതിൽ 66.26 ശതമാനം പുരുഷന്മാരും 65.48 ശതമാനം സ്ത്രീകളും ഉൾപ്പെടും.
ഒക്ടോബർ 22ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്തിന് പുറത്തുള്ള 13,841 ഒമാനി പൗരന്മാർ സമ്മതിദാനം വിനിയോഗിച്ചിരുന്നു. 83 വിലായത്തുകളില്‍നിന്നുള്ള 90 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. 883 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഇവരില്‍ 33 പേര്‍ സ്ത്രീകളായിരുന്നു. അറബ് മേഖലയിൽ ആദ്യമായാണ് മൊബൈൽ അധിഷ്ഠിതമായി വോട്ടെടുപ്പ് നടക്കുന്നത്.