പ്ലാസ്റ്റിക് കുപ്പികള്‍ അടുക്കി വച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ഖത്തര്‍
രണ്ട് ദിവസത്തെ കഠിനാധ്വാനത്തിനാണ് റെക്കോര്‍ഡിന്റെ തിളക്കം ലഭിച്ചത്.
ദോഹ: പ്ലാസ്റ്റിക് കുപ്പികള്‍ അടുക്കി വച്ച് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ഖത്തര്‍. സുസ്ഥിരതാ വാരാഘോഷത്തിന്റ ഭാഗമായി മലയാളി ഉടമസ്ഥതയിലുള്ള സീഷോർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇത്തവണ അപൂർവമായൊരു റെക്കോഡ് ഖത്തറിന് സമ്മാനിച്ചത്. 14,183 പ്ലാസ്റ്റിക് കുപ്പികള്‍ ചേര്‍ത്ത് വച്ച് ഇംഗ്ലീഷില്‍ ഖത്തര്‍ എന്നെഴുതിയാണ് പുതിയ ഗിന്നസ് റെക്കോര്‍ഡ് നേട്ടം.
കഴിഞ്ഞ വർഷം ജൂണിൽ സൗദി അറേബ്യയിലെ അൽ ഇത്തിഫാക് ക്ലബ് അറബിയിൽ 5387 കുപ്പികള്‍ കൊണ്ട് 'സലാം' എന്നെഴുതിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. സീഷോർ ഗ്രൂപ്പിനു കീഴിലെ സീഷോർ റീസൈക്ലിങ്ങ് ആന്റ് സസ്റ്റയ്നബിലിറ്റി സെന്ററാണ് അപൂർവ നേട്ടത്തിനു പിന്നിൽ. രണ്ട് ദിവസത്തെ കഠിനാധ്വാനത്തിനാണ് റെക്കോര്‍ഡിന്റെ തിളക്കം ലഭിച്ചത്.
പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ ബോധവൽകരണം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പ്ലാസ്റ്റിക് കുപ്പികൾ സംസ്കാരിച്ച് പാക്കിങ് ടാപ്പ് ഉൾപ്പെടെ വസ്തുക്കൾ നിർമിക്കുന്ന പദ്ധതികളും സീഷോർ റീസൈക്ലിങ് ആന്റ് സസ്റ്റയ്നബിലിറ്റി യൂണിറ്റിനുണ്ട്. മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ടിൽ നടന്ന ഗിന്നസ് റെക്കോഡ് ചൊവ്വാഴ്ച വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പിന്നീട് റീസൈക്കിളിങ്ങിനായി കൊണ്ടുപോകും.
പ്രകൃതി സൗഹൃദ ആശയങ്ങൾ വ്യത്യസ്തമായതും നൂതനവുമായ വഴികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും അവരെക്കൂടി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാക്കാനും സീ ഷോര്‍ റീ സൈക്ലിങ് ശ്രമിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ ആഷിഖ് പി.കെ പറഞ്ഞു.