ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കും

മൂന്നാം ദേശീയ വികസനപദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പ്രഖ്യാപിച്ചു

Update: 2024-06-03 17:09 GMT
Advertising

ദോഹ : ഖത്തറിൽ പുതിയ ദേശീയ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കും. മൂന്നാം ദേശീയ വികസനപദ്ധതിയുടെ ഭാഗമായ ആരോഗ്യ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന 77ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ദേശീയ ആരോഗ്യ പദ്ധതി 2030 ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

പൊതുജനാരോഗ്യം, പ്രാഥമികാരോഗ്യ പരിരക്ഷ, അടിസ്ഥാന ചികിത്സ സൗകര്യങ്ങൾ എന്നിവ വികസിപ്പിച്ചും മെച്ചപ്പെടുത്തിയും ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുകയാണ് പുതിയ ആരോഗ്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി വ്യക്തമാക്കി.

കായിക പരിപാടികളിലൂടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുക എന്ന കരട് തീരുമാനത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണയും അംഗീകാരവും നേടിയതിൽ അഭിമാനിക്കുന്നുവെന്നും, ഫിഫ ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിന്റെ വിജയകരമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭമെന്നും മന്ത്രി വിശദീകരിച്ചു.

ഈ വർഷം നവംബർ 13 നും 14 നും വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിന് ഖത്തർ ആതിഥ്യം വഹിക്കും. 2025 ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആറാമത് ആഗോള ഉച്ചകോടിക്കും ഖത്തർ വേദിയാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News