ഫിഫ ഇൻറർ കോണ്ടിനെന്റൽ കപ്പ് ഫൈനലിന് ലുസൈൽ സ്റ്റേഡിയം വേദിയാകും
ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ പ്രഥമ പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്
ദോഹ: ഫിഫ ഇൻറർ കോണ്ടിനെന്റൽ കപ്പ് ഫൈനലിന് ലുസൈൽ സ്റ്റേഡിയം വേദിയാകും. യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് കളിക്കുന്നതിനാൽ ആവേശത്തോടെയാണ് ഖത്തറിലെ ഫുട്‌ബോൾ ആരാധകർ മത്സരത്തെ കാത്തിരിക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് റയൽ മാഡ്രിഡ് ലുസൈൽ സ്റ്റേഡിയത്തിൽ പന്തുതട്ടുന്നത്. എതിരാളികൾ ആരെന്നറിയാനുള്ള പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ലോകകപ്പിന്റെ മറ്റൊരു വേദിയായ 974 സ്റ്റേഡിയങ്ങൾ സാക്ഷ്യം വഹിക്കും. ഡിസംബർ 11, 14 തീയതികളിലാണ് ഈ മത്സരങ്ങൾ.
മത്സരവേദിയെ കുറിച്ച് ഖത്തർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല, എന്നാൽ ഫിഫ മാച്ച് സെന്ററിലെ മത്സര പട്ടികയിൽ ഇരുവേദികളിലും മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്ലേ ഓഫ് മത്സരങ്ങൾ രാത്രി എട്ടിനും റയൽ മഡ്രിഡ് കളിക്കുന്ന ഫൈനൽ രാത്രി ഒമ്പതിനുമാണ് ആരംഭിക്കുന്നത്.
ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ പ്രഥമ പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവിക്ക് ശേഷം കിലിയൻ എംബാപ്പെ ലുസൈലിൽ കളിക്കാനെത്തുന്നു എന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്. ടിക്കറ്റ് വിൽപന അടുത്തമാസത്തോടെ ആരംഭിക്കും.