ആസാദി കാ അമൃത് മഹോത്സവ്; ഖത്തറിൽ വൈവിധ്യമാർന്ന പരിപാടികളുമായി ഐസിസി
നാളെ വൈകിട്ട് ഏഴ് മണിക്ക് ഐസിസി അശോക ഹാളിൽ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ദോഹ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ മുതൽ 19 ദിവസം നീണ്ടുനിൽക്കുന്ന മെഗാ കാർണിവലാണ് ഖത്തറിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്നത്
നാളെ വൈകിട്ട് ഏഴ് മണിക്ക് ഐസിസി അശോക ഹാളിൽ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തി ആഗസ്റ്റ് 19 വരെ ഓരോ ദിവസവും വിവിധ പരിപാടികൾ അരങ്ങേറും. ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ പറഞ്ഞു.
ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ സംഘടനകളും സാമൂഹ്യ- സാംസ്‌കാരിക വിഭാഗങ്ങളും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും അവിദഗ്ധ തൊഴിലാളികളും കലാപരിപാടികളുടെ ഭാഗമാകും. ആഗസ്ത് 19ന് ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഖവാലി ഗായകൻ ഡാനിഷ് ഹുസൈൻ ബദയുനിയുടെ ഖവാലി ആഘോഷപരിപാടിയുടെ സമാപനത്തെ സംഗീത സാന്ദ്രമാക്കും. വാർത്താസമ്മേളനത്തിൽ ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ, സംഘാടക സമിതി ചെയർമാൻ എ.പി മണികണ്ഠൻ, കോർഡിനേറ്റർ സുമ മഹേഷ് എന്നിവർ പങ്കെടുത്തു.