ലോകബാങ്ക് ആഗോള ഭരണ സൂചിക: മേഖലയിൽ ഒന്നാമതെത്തി ഖത്തർ
ഒരു വർഷം കൊണ്ട് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്താനായി എന്നതാണ് ശ്രദ്ധേയം
ദോഹ: ഭരണമികവിൽ മേഖലയിൽ ഒന്നാമതെത്തി ഖത്തർ. ലോകബാങ്ക് പുറത്തിറക്കിയ ആഗോള ഭരണ സൂചികകളിലാണ് ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാഷ്ട്രീയ സ്ഥിരതയിലും നിയമവാഴ്ചയിലും ഖത്തറിന് 80 ശതമാനത്തിലധികം മാർക്കുണ്ട്. രാഷ്ട്രീയ സ്ഥിരതയിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമാണ് ഖത്തറിന്റെ സ്‌കോർ.
സുസ്ഥിരതയും വികസനവും കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളാണ് ആഗോള ഭരണ സൂചികകളിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ട്പങ്കുവെച്ചുകൊണ്ട് ഖത്തർ പ്ലാനിങ് കൗൺസിൽ വ്യക്തമാക്കി. ഈ വർഷം ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഇ-ഗവേൺസ് ഇൻഡെക്‌സിലും ഖത്തർ മുന്നേറ്റമുണ്ടാക്കിയിരുന്നു. 193 രാജ്യങ്ങളിൽ 53ാം സ്ഥാനമാണ് ഖത്തറിനുള്ളത്. ഒരു വർഷം കൊണ്ട് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്താനായി എന്നതാണ് ശ്രദ്ധേയം.