ലോകകപ്പ് സമയം ഖത്തറിൽ പ്രതിദിന ഡാറ്റാ ഉപയോഗം 2828 ടെറാബൈറ്റിൽ
ഫ്രീക്വൻസി സ്പെക്ട്രം മാനേജ്മെന്റ് മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്.
ദോഹ: ലോകകപ്പ് ഫുട്ബോൾ സമയത്ത് ഖത്തറിൽ പ്രതിദിന ശരാശരി ഡാറ്റാ ഉപയോഗം 2828 ടെറാബൈറ്റിൽ എത്തിയതായി അധികൃതർ. ദിനംപ്രതി വോയ്സ് കോൾ മിനിറ്റുകൾ നാല് കോടിക്ക് മുകളിലായിരുന്നുവെന്നും കമ്യൂണിക്കേഷൻ വിഭാഗം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
പരിമിതികളില്ലാത്ത ആശയവിനിമയം ആയിരുന്നു ലോകകപ്പ് കാലത്ത് ഖത്തർ ലക്ഷ്യമിട്ടിരുന്നത്. 5ജി സാങ്കേതിത വിദ്യയിലൂടെ അത് ഉറപ്പാക്കാനായി. വോയിസ് കോൾ കണക്ടിവിറ്റിയിൽ 99.8 ശതമാനമാണ് വിജയനിരക്ക്. ഉയർന്ന വേഗതയിൽ ഡാറ്റാ ഉപയോഗത്തിനും സാധിച്ചു. പ്രതിദിന ഉപയോഗം 2828 ടെറാബൈറ്റ് വരെയെത്തി.
ശരാശരി ഡൗൺലോഡ് വേഗത 276 എംബിപിഎസും അപ്‌ലോഡ് വേഗത 15 എംബിപിഎസും ആയിരുന്നു. ഫ്രീക്വൻസി സ്പെക്ട്രം മാനേജ്മെന്റ് മേഖലയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. റേഡിയോ ആപ്ലിക്കേഷനുകൾക്കും ഉപകരണങ്ങൾക്കുമായി 25000ലധികം അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്.
കൂടാതെ 20000ലധികം റേഡിയോ ഉപകരണങ്ങൾ സ്പെക്ട്രം ടെസ്റ്റിങ് നടപടികൾക്ക് വിധേയമാക്കിയതായും കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഹയ്യാ കാർഡ് ഉപയോഗിച്ച് ലോകകപ്പ് കാലയളവിൽ 665500 മൊബൈൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്തിരുന്നതായും
കണക്കുകൾ പറയുന്നു.