ഖത്തറില്‍ കോവിഡ് രോഗ തീവ്രത കുറഞ്ഞവര്‍ക്ക് 10 ദിവസത്തെ ഹോംഐസൊലേഷന്‍
ഇന്നലെ 833 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്
ദോഹ: ഖത്തറില്‍ കോവിഡ് രോഗ തീവ്രത കുറഞ്ഞവര്‍ക്ക് 10 ദിവസത്തെ ഹോംഐസൊലേഷന്‍ നിര്‍ബന്ധമാക്കി. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ്, നേരിയ രോഗ ലക്ഷണമുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്.
10 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്നാണ് നിര്‍ദേശം, ഇതില്‍ ആദ്യത്തെ 5ദിവസം റൂം ഐസൊലേഷനില്‍ പോകണം, ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാം. ചികിത്സയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
എച്ച് എംസിക്ക് കീഴിലുള്ള ഹസം മബരീക് ജനറല്‍ ആശുപത്രി കൂടി കോവിഡ് ആശുപത്രിയാക്കി മാറ്റി. ഇതോടെ കോവിഡ് ആശുപത്രികളുടെ എണ്ണം നാലായി. ഇന്നലെ 833 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 270 പേര്‍ യാത്രക്കാരുമാണ്.