ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന
രാജ്യത്തെ 90 കേന്ദ്രങ്ങളിലായി പ്രത്യേക നമസ്കാരം നടക്കും
ഖത്തറില്‍ നാളെ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്ക് അമീര്‍ ആഹ്വാനം നല്‍കി. രാജ്യത്തെ 90 കേന്ദ്രങ്ങളിലായി പ്രത്യേക നമസ്കാരം നടക്കും.രാജ്യത്തെ കാലാവസ്ഥയനുസരിച്ച് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരത്തിന് അമീര്‍ ആഹ്വാനം നല്‍കിയത്.
രാവിലെ 5.54നാണ് എല്ലായിടങ്ങളിലും നമസ്കാരം നടക്കുകയെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. അല്‍ വജ്ബ മൈതാനത്ത് നടക്കുന്ന നമസ്‌കാരത്തില്‍ അമീര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നവംബറിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തില്‍ ഇസ്തിസ്ഖാഅ് പ്രാര്‍ത്ഥന ഇവിടെ നടന്നിരുന്നു. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മതകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴ ലഭിക്കേണ്ട അല്‍ വസ്മി കാലയളവ് ആരംഭിച്ചെങ്കിലും രാജ്യത്തെവിടെയും ഇതുവരെ മഴ പെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷവും താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിച്ചത്.