ഖത്തറില്‍ പ്രവാസികള്‍ക്ക് ആവേശമായി ഖിയ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിച്ചു
ഖത്തറിലെ പ്രവാസി ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം പകര്‍ന്ന് ഖിയ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി.
8 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഇതില്‍ ആദ്യ റൌണ്ടിലെ നാല് മത്സരങ്ങളിലായി ആകെ 22 ഗോളുകളാണ് പിറന്നത്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സി അരങ്ങേറ്റക്കാരായ അന്നാബി അല്‍ മജ്ദിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തു. ഫ്രൈഡേ എഫ്‌സി, ഒലേ എഫ്‌സി, മേറ്റ്‌സ് ഖത്തര്‍ ടീമുകളും ആദ്യമത്സരത്തില്‍ ജയം നേടി. മേറ്റ്‌സ് ഖത്തറിന്റെ ആഷിഖ് ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി.
ഐഎസ്എല്‍, ഐലീഗ്, കെപിഎല്‍ ക്ലബുകളില്‍ നിന്നുള്ള താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. അല്‍അറബി സ്‌പോര്‍ട്‌സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അല്‍ഖുവാരി, ഐസിസി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഖിയ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്‍, സഫീര്‍ റഹ്മാന്‍, നിഹാദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.