ഖത്തറിലെ സിദ്ര മെഡിസിന്റെ പ്രവർത്തനം സൗരോർജ്ജ വൈദ്യുതിയിലേക്ക് മാറ്റുന്നു

ഖത്തറിന്റെ സൗരോർജ്ജ ഉൽപ്പാദന വിതരണ കമ്പനിയായ സിറാജ് എനർജിയും ഖത്തർ ഫൗണ്ടേഷനും തമ്മിലാണ് സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

Update: 2021-10-27 16:20 GMT
Editor : Dibin Gopan | By : Web Desk
Advertising

ഖത്തറിലെ പ്രധാന ഹോസ്പിറ്റൽ കേന്ദ്രമായ സിദ്ര മെഡിസിന്റെ പ്രവർത്തനം സൗരോർജ്ജ വൈദ്യുതിയിലേക്ക് മാറ്റുന്നു. ഇതിനായുള്ള ധാരണാ പത്രത്തിൽ ഖത്തർ ഫൌണ്ടേഷനും സിറാജ് എനർജിയും തമ്മിൽ ഒപ്പുവെച്ചു. അടുത്ത വർഷാവസാനത്തോടെ പദ്ധതി യാഥാർത്ഥ്യമാകും

ഖത്തറിന്റെ സൗരോർജ്ജ ഉൽപ്പാദന വിതരണ കമ്പനിയായ സിറാജ് എനർജിയും ഖത്തർ ഫൗണ്ടേഷനും തമ്മിലാണ് സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഫൗണ്ടേഷന് കീഴിലുള്ള രാജ്യത്തെ പ്രധാന ഹോസ്പിറ്റലുകളിലൊന്നായ സിദ്ര മെഡിസിൻ, കുട്ടികളുടെ ആശുപത്രി, മെഡിക്കൽ ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി സൗരോർജ്ജം വഴി നൽകുന്നതാണ് പദ്ധതി. സിറാജ് എനർജിയും ഖത്തർ വാട്ടർ ആന്റ് ഇലക്ട്രിസിറ്റിയും സംയുക്തമായാണ് സൗരോർജ്ജ പ്ലാന്റുകൾ വഴി വൈദ്യുതി ഇൽപ്പാദിപ്പിക്കുന്നത്.

അടുത്ത വർഷം ആദ്യ പാദത്തോടെ പദ്ധതി സംബന്ധിച്ച പഠനവും വിലയിരുത്തലും പൂർത്തിയാക്കും. ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പദ്ധതിക്കായുള്ള പുതിയ പവർ സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങും. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്‌സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് അൽത്താനി, ഊർജ്ജ വകുപ്പ് മന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാഅബിയുടെയും സാന്നിധ്യത്തിൽ സിറാജ് എനർജി സിഇഒ മുഹമ്മദ് യൂസെഫ് അല് ഹറാമിയും ഖത്തർ ഫൗണ്ടേഷന് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഗനീം ഹസന് അല് ഇബ്രാഹിമും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്.

രാജ്യത്തിന്റെ സുസ്ഥിരവും സുരക്ഷിതവുമായ ഭാവി ലക്ഷ്യമാക്കിയാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, വൈദ്യുതി ഉല്പാദന വൈവിധ്യവൽക്കരണം, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജ്ജോപയോഗത്തിലേക്ക് മാറൽ തുടങ്ങി ദേശീയ വിഷൻ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സിറാജ് എനർജിയുടെ പ്രവർത്തനങ്ങൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News