'റാശിദ്' ഏപ്രിലിൽ ചന്ദ്രനിലെത്തും; ഇടക്കാല റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ വർഷം ഡിസംബറിലാണ് റോവർ വിക്ഷേപിച്ചത്
ദുബൈ: സുൽത്താൻ അൽ നിയാദിയുടെ യാത്ര മുടങ്ങിയ നിരാശക്കിടെ സന്തോഷ വാർത്തയുമായി 'റാശിദ്' റോവർ. അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്' റോവർ ഏപ്രിലിൽ ചന്ദ്രനിൽ എത്തും.റോവറിന്റെ യാത്ര രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായാണ് അധികൃതരുടെ വെളിപ്പെടുത്തൽ.
പേടകം ഇപ്പോൾ ചന്ദ്രനിലേക്കുള്ള പാതയിലാണ്. 2023 ഏപ്രിൽ അവസാനത്തോടെ ഷെഡ്യൂൾ ചെയ്ത ലാൻഡിങ് വിജയകരമായി പൂർത്തിയാകുമെന്ന് ആഗോള ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്പേസ് പുറത്തുവിട്ട ഇടക്കാല റിപ്പോർട്ട് പറയുന്നു.
മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേര് നൽകപ്പെട്ട 'റാശിദ്' റോവർ കഴിഞ്ഞ വർഷം ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകത്തിൽ നിന്ന് ആദ്യ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.
ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുതിനുപകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.