സൗദി- സിറിയ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തമാക്കും
സിറിയയുടെ അറബ് ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറബ് മന്ത്രിതല യോഗവും നിശ്ചയിച്ചിട്ടുണ്ട്
ദമ്മാം: സൗദി- സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിനായി സൗദി സിറിയ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം ശക്തമാക്കുന്നതിനും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ധാരണയായി. സിറിയയുടെ അറബ് ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറബ് മന്ത്രിതല യോഗവും നിശ്ചയിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് അറുതി വരുത്തിയാണ് വിദേശ കാര്യ മന്ത്രിമാര്‍ ജിദ്ദയില്‍ കൂടികാഴ്ചയിലേര്‍പ്പെട്ടത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും, സിറിയന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഫൈസല്‍ മെക്ദാദും തമ്മിലാണ് ഓദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ നയത്തിന് ഇരുവരും രൂപം നല്‍കി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും, നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതിനും ധാരണയായി. ഒപ്പം സിറിയയെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് തിരികെ കൊണ്ട് വരാന്‍ വേണ്ട സഹായങ്ങളും സൗദി അറേബ്യ വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ജിദ്ദയില്‍ അറബ് ഗല്‍ഫ് മന്ത്രിതല യോഗം ചേരും. സിറിയയുടെ ഐക്യം, സുരക്ഷ, സ്ഥിരത, അറബ് ഐഡന്റിറ്റി, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിച്ച് കൊണ്ട് ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.