സൌദി കിഴക്കൻ പ്രവിശ്യാ കെഎംസിസിയുടെ തണലിൽ 100 പേർക്ക് ഉംറ സാഫല്യം
യാത്രയയപ്പ് സംഗമം കരിപ്പൂർ ഹജ്ജ് ഹൗസിൽ ബുധൻ രാവിലെ 8 മണി മുതൽ നടക്കും
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി ആരംഭിച്ച ഇഹ്ത്തിഫാൽ 2023 വാർഷിക ക്യാമ്പയിൻ സ്നേഹ സമ്മാനം ഉംറ പദ്ധതിയിലെ 100 അംഗ തീർത്ഥാടകർ നവംബർ 8 ബുധനാഴ്ച കരിപ്പൂരിൽ നിന്നും യാത്ര തിരിക്കും. യാത്രയയപ്പ് സംഗമം നവംബർ 8 ബുധനാഴ്ച രാവിലെ 9 മണി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും വിവിധ കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ ,വിധവകൾ അടക്കം സാമ്പത്തികം മാത്രം തടസ്സമായി വിശുദ്ധ ഭൂമിയിൽ എത്തിപ്പെടാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന നൂറോളം വരുന്ന പ്രവർത്തകർക്ക് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സ്നേഹ സമ്മാനമായാണ് ഉംറ പദ്ധതി നടപ്പാക്കുന്നത്.
സംഘം മക്ക,മദീന എന്നിവിടങ്ങളിൽ ഉംറ,സിയാറത്ത് എന്നിവക്ക് ശേഷം ബുറൈദ ,റിയാദ് എന്നീ നഗരങ്ങൾ സന്ദർശിച്ച് നവമ്പർ 17 ന് കീഴക്കൻ പ്രവിശ്യാ കെഎംസിസി ആസ്ഥാനമായ ദമ്മാമിൽ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തിൽ പങ്കെടുത്ത ശേഷം ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽനിന്ന് നാട്ടിലേക്ക് തിരിക്കും.
ദമ്മാം വഴി മടങ്ങുന്ന 100 അംഗങ്ങൾക്കും 15 കിലോ വീതം അടങ്ങുന്ന ഗിഫ്റ്റ് സമ്മാനമായി നൽകും. ഫ്ലൈസഡ് ട്രാവൽസ് ആണ് സർവ്വീസ് ചെയ്യുന്നത്. ഫ്ലൈസഡ് എംഡിയും ദമാമിലെ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ അബൂജിർഫാസ് മൗലവിയാണ് തീർത്ഥാടക രുടെ ചീഫ് അമീർ.
ഹജ്ജ് ഹൗസിൽ നടക്കുന്ന യാത്രയയപ്പ്, സംഗമത്തിലും നവംബർ -17 വെള്ളി ദമാമിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിലും എല്ലാ കെഎംസിസി പ്രവർത്തകരെയും നാട്ടിലുള്ള എല്ലാ സഹോദരി സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച നേതാക്കളായ ആക്റ്റിങ് പ്രസിഡന്റ് അബ്ദുൽ മജീദ് കൊടുവള്ളി , ആക്റ്റിങ് ജനറൽ സെക്രട്ടറി എ.ആർ.സലാം ആലപ്പുഴ , ട്രഷറർ അഷ്‌റഫ് ഗസാൽ ,വൈസ് പ്രസിഡന്റ് മാരായ ,അബ്ദുൽ ഖാദർ മാസ്റ്റെർ വാണിയമ്പലം , അമീർ അലി കൊയിലാണ്ടി, എ.കെ.എം നൗഷാദ് തിരുവനന്തപുരം , ജോ. സെക്രട്ടറിമാരായ ഒ.പി ഹബീബ് ബാലുശ്ശേരി, ടി.ടി കരീം വേങ്ങര എന്നിവർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യാ കെഎംസിസിക്ക് കീഴിൽ 2022 ഡിസംബർ 30ന് ദമാമിൽ തുടക്കം കുറിച്ച ഇഹ്തിഫാൽ 2023 ക്യാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഏരിയ തല പതാകദിനം, ഏരിയാ തല പ്രമേയ വിശദീകരണ സമ്മേളനം , 2023 പ്ലാറ്റിനം ജൂബിലി മാർച്ച് 10 മദിരാശി രാജാജി ഹാൾ ഐക്യദാർഢ്യ സംഗമം തുടങ്ങി വ്യത്യസ്ത സംഘടന പ്രവർത്തനങ്ങൾ നടന്നതായി ഭാരവാഹികൾ വ്യക്തമാക്കി.