സൗദിയിൽ റമദാൻ ചാരിറ്റിയിലേക്ക് 18000 ലക്ഷം റിയാൽ സ്വരൂപിച്ചു
സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇഹ്‌സാൻ പ്ലാറ്റ്ഫോം വഴിയാണ് പണം സ്വരൂപിച്ചത്


റിയാദ്: സൗദിയിൽ റമദാനുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുക പതിനെട്ടായിരം ലക്ഷം റിയാൽ കടന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇഹ്‌സാൻ പ്ലാറ്റ്ഫോം വഴിയാണ് പണം സ്വരൂപിച്ചത്. രാജ്യത്തിനകത്തായിരിക്കും പണത്തിന്റെ വിനിയോഗം.
2021 ഏപ്രിലിലാണ് ചാരിറ്റി പ്രവർത്തങ്ങൾക്ക് പണം സ്വരൂപിക്കാനുള്ള പ്ലാറ്റ്ഫോം തയ്യാറാക്കുന്നത്. സംഭാവനകൾ ഏകോപിപ്പിക്കുകയും അതിവേഗം അതിന്റെ ഗുണഭോക്താക്കൾക്കെത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇത്തവണത്തെ റമദാനിൽ പ്ലാറ്റ്ഫോം വഴി സ്വരൂപിച്ച തുക പതിനെട്ടായിരം ലക്ഷം റിയാലിൽ അധികമാണ്. 700 ലക്ഷം റിയാലാണ് ഇതിലേക്കായി സൗദി രാജാവും, കിരീടാവകാശിയും സംഭാവന നൽകിയത്. ആരോഗ്യ സേവനങ്ങൾ, ഭക്ഷണ വിതരണം, താമസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിനിയോഗിക്കാനായിരിക്കും ഫണ്ട് ഉപയോഗിക്കുക. സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ കൂടുതൽ പണം സ്വരൂപിക്കാൻ കാരണമായിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളായ വിവര സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. മൊബൈൽ ഫോൺ വഴിയും, ബാങ്ക് ട്രാൻസ്ഫർ വഴിയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധമാണ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. സൗദിയിലെ തന്നെ ആവശ്യമായ വിവിധ മേഖലകളിലായിരിക്കും പണം ചെലവഴിക്കുക.