2024-ൽ 1.85 കോടി വിദേശ തീർത്ഥാടകർ സൗദിയിലെത്തി: ഹജ്ജ് ഉംറ മന്ത്രി

നുസുക്ക് ആപ്പിൽ നൂറോളം പുതിയ സേവനങ്ങൾ

Update: 2025-01-15 16:05 GMT
Advertising

ജിദ്ദ: 2024-ൽ വിദേശ ഹജ്ജ് ഉംറ തീർത്ഥാടകരുടെ എണ്ണം സർവകാല റെക്കോർഡ് ഭേദിച്ചതായും 1,85,35,689 വിദേശ തീർത്ഥാടകർ പുണ്യഭൂമിയിൽ എത്തിയതായും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിയ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന നാലാമത് ഹജ്ജ് സമ്മേളന- എക്‌സിബിഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുസുക്ക് ആപ്പ് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ തീർത്ഥാടനം ഏറെ സൗകര്യമുള്ളതാക്കി. നൂറോളം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ചതായും അദ്ദേഹം പറഞ്ഞു.

2024-ൽ എത്തിയ 1,85,35,689 വിദേശ തീർത്ഥാടകരിൽ 1,69,24,689 പേർ ഉംറ തീർത്ഥാടനത്തിനും 1,6,11310 പേർ ഹജ്ജ് തീർഥാടനത്തിനുമായാണ് എത്തിയത്. 1 കോടി 30 ലക്ഷം പേർ മദീനയിൽ കഴിഞ്ഞവർഷം റൗദ ശരീഫ് സന്ദർശിച്ചിട്ടുണ്ട്. 50 ഗ്രൂപ്പുകളിലായാണ് റൗദയിൽ ദിവസവും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം അനുവദിക്കുന്നത്.

മികച്ച സേവനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം തീർത്ഥാടകർക്കായി പുണ്യനഗരികളിൽ ഒരുക്കിയിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നതാണ് ഹജ്ജ് സമ്മേളനവും എക്‌സിബിഷനും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം സമാപിക്കുക. ഹജ്ജിന്റെ ചരിത്രവും കർമ്മങ്ങളും പരിചയപ്പെടുത്തുന്ന 280ലേറെ സ്റ്റാളുകൾ എക്‌സിബിഷന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഹജ്ജിന്റെ സുഗമമായ നടത്തപ്പിന് പ്രയോജനപ്പെടുത്തുന്ന രീതികളും മേളയെ അടയാളപ്പെടുത്തുന്നുണ്ട്.

ഹജ്ജും ഉംറയും വിശദമായി പരിചയപ്പെടാൻ സൗകര്യമൊരുക്കുന്നതാണ് ഇത്തവണത്തെ ഹജ്ജ് സമ്മേളനവും അതോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷനും. ആയിരക്കണക്കിന് സന്ദർശകരാണ് സമ്മേളന നഗരിയിലേക്ക് ദിനേന എത്തുന്നത്. 90 രാജ്യങ്ങളിൽ നിന്നായി 300ലധികം പ്രമുഖ വ്യക്തികളും നയതന്ത്ര ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഹജ്ജിന്റെ ഭാഗമാവുന്ന വിവിധ സംരംഭകർക്കുള്ള ശില്പശാലകളും വിവിധ കോൺഫറൻസുകാളും ഹജ്ജ് ഉച്ചകോടിയുടെ ഭാഗമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News