സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി 5000 ത്തോളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
ഇതിനായി പബ്ലിക് ഇൻവെൻസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ പുതിയ കമ്പനി രൂപീകരിച്ചു
ജിദ്ദ: സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഇതിനായി പബ്ലിക് ഇൻവെൻസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ പുതിയ കമ്പനി രൂപീകരിച്ചു. 2030 ഓടെ 5000ഓളം ചാർജിംഗ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളം കമ്പനി സ്ഥാപിക്കുക. 75 ശതമാനം പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും 25 ശതമാനം സൗദി ഇലക്ട്രിസിറ്റി കമ്പനിയുടേയും പങ്കാളിത്തത്തോടെയാണ് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചത്.
ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാർജിംഗ് സേവനങ്ങൾക്ക് വേണ്ടി ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2030-ഓടെ രാജ്യത്തുടനീളം 5,000-ലധികം അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കും.മുഴുവൻ നഗരങ്ങളിലും അവയെ ബന്ധിപ്പിക്കുന്ന റോഡുകളിലും പുതിയ ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കും. ഇത് പ്രാദേശികമായി ഇലക്ട്രിക് കാർ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം വ്യാപകമാക്കുന്നതിനും സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർനിർമാതാക്കളായ ലൂസിഡ് കമ്പനി കഴിഞ്ഞ മാസം ജിദ്ദ റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് നിർമാണം ആരംഭിച്ചിരുന്നു. പ്രതിവർഷം 1,55,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷി ഇവിടെയുണ്ട്. കയറ്റുമതിക്ക് പുറമെ പ്രദേശിക വിപണിയും കമ്പനി ലക്ഷ്യം വെക്കുന്നു. ഇത്തരം പ്രദേശിക കാർ നിർമാണ കമ്പനികൾക്ക് സഹായകരമാകുംവിധമാണ് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണം.