സൗദിയിൽ ഹജ്ജ് മാനദണ്ഡങ്ങൾ ലംഘിച്ചവർ പിടിയിൽ
അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരാണ് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്
അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ച അമ്പതിലധികം പേരെ സുരക്ഷാ വിഭാഗം പിടികൂടി. ഹജ്ജ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരാണ് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ പതിനായിരം റിയാൽ വീതം പിഴചുമത്തിയെന്ന് ഹജ്ജ് സുരക്ഷാ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരപ്രദേശങ്ങളിലും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും അനുമതിപത്രമില്ലാതെ എത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഹജ്ജ് സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഇത്തവണത്തെ ഹജ്ജിൽ ത്വവാഫിനായി ഹറംപള്ളിയിലെ മുഴുവൻ നിലകളും തീർത്ഥാടകർക്ക് തുറന്നുകൊടുക്കും. കഅബയുടെ മുറ്റവും താഴ്‌നിലയും ഒന്നാംനിലയും ഹജ്ജ് വേളയിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഅബ പ്രദക്ഷിണം ചെയ്യുന്ന മതാഫിലേക്ക് വേഗത്തിലെത്താനും തിരക്കൊഴിവാക്കാനും ഹറമിന്റെ പ്രധാന ഗേറ്റുകളുൾപ്പെടെ 20 കവാടങ്ങളും തുറന്നിടും. കോവിഡ് ബാധിച്ചതായി സംശയിക്കുന്നവരെ താമസിപ്പിക്കാൻ മിനയിലെ ഓരോ കെട്ടിടത്തിലും പ്രത്യേക മുറികളുണ്ടായിരിക്കണമെന്ന് ഹജ്ജ് സേവന സ്ഥാപനങ്ങളോട് ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ മാസം 18ഓടെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്. ദുൽഹജ്ജ് മാസപ്പിറവി സംബന്ധിച്ച് വെള്ളിയാഴ്ച സൗദി സുപ്രീംകോടതി തീരുമാനമെടുക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരും.