സൗദിയിൽ 932 എയർപോർട്ട് കള്ള ടാക്‌സി ഡ്രൈവർമാരെ പിടികൂടി
ഏറ്റവുമധികം കള്ള ടാക്സികൾ പിടികൂടിയത് റിയാദിൽ, ആറുമാസത്തിനിടെ പിടികൂടിയത് 7550 നിയമലംഘനങ്ങൾ
റിയാദ്: സൗദിയിലെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തിയതിന് 932 ഡ്രൈവർമാരെ പിടികൂടി. റിയാദ് എയർപോർട്ടിൽ നിന്നാണ് ഏറ്റവുമധികം കള്ള ടാക്‌സി ഡ്രൈവർമാർ പിടിയിലായത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന.
റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 പേരാണ്. മദീന ജിദ്ദ എന്നീ എയർപോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി പേർ പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി.
എയർപോർട്ടുകളിൽ ടാക്‌സി സേവനത്തിനായി പ്രത്യേക ലൈസൻസുകൾ ആവശ്യമാണ്. ഇത്തരം അംഗീകൃത ടാക്‌സി സർവീസുകൾ എയർപോർട്ടുകളിൽ 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ടാക്‌സികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 3600 അംഗീകൃത ടാക്‌സി സർവീസുകളും 54 റെന്റ് എ കാർ ഓഫീസുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ലൈസൻസുള്ള ഓൺലൈൻ ടാക്‌സി കമ്പനികളുടെ സേവനങ്ങളും ലഭ്യമാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനങ്ങൾ യാർഡിലേക്ക് മാറ്റി അവിടെ സൂക്ഷിക്കും. ഇതിനായി വരുന്ന ചെലവും നിയമ ലംഘകരിൽ നിന്ന് ഈടാക്കും.