ലൈസൻസില്ലാതെ ചരക്ക് കടത്തി: സൗദിയിൽ അഞ്ചു വിദേശ ട്രക്കുകൾ പിടിച്ചെടുത്തു
ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടേതാണ് നടപടി


റിയാദ്: സൗദിയിൽ നിയമങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ അഞ്ചു വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. ചരക്ക് കടത്താനുള്ള ലൈസൻസില്ലാതെ ചരക്ക് കടത്തിയതിനാണ് ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നടപടി. നിയമലംഘനം നടത്തിയ ഓരോ ട്രക്കിനും 10,000 റിയാൽ പിഴ ചുമത്തി, ട്രക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു.
നിലവിൽ രാജ്യവ്യാപകമായി പരിശോധനാ കാമ്പെയിനുകൾ ശക്തമാക്കിയിട്ടുണ്ട്. ചരക്ക് ഗതാഗത മേഖലയിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും തടയുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ആദ്യമായിട്ടാണ് നിയമം ലംഘിക്കുന്നതെങ്കിൽ 10,000 റിയാൽ പിഴ ഒടുക്കേണ്ടി വരും. 15 ദിവസത്തെക്കായിരിക്കും വാഹനം പിടിച്ചെടുക്കുക. രണ്ടാം തവണ ആവർത്തിച്ചാൽ 20000 റിയാൽ പിഴയും 30 ദിവസം വാഹനം പിടിച്ചെടുക്കുന്ന നടപടിയും നേരിടേണ്ടി വരും. ഇത്തരത്തിൽ നിയമലംഘനം ആവർത്തിക്കുന്ന മുറക്ക് പിഴയും വാഹനം കസ്റ്റഡിയിൽ വെക്കുന്ന കാലാവധിയും ഉയരും.
അഞ്ചാം തവണ നിയമം ലംഘിച്ചാൽ 160,000 റിയാൽ പിഴയും 60 ദിവസം വാഹനം കസ്റ്റഡിയിൽ വെക്കുകയും ചെയ്യും. ചരക്ക് ഗതാഗതം സുഗമമാക്കുക, നിയമ ലംഘനങ്ങൾ തടയുക, മേഖലയെ വികസിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.