3.7 ബില്യൺ റിയാൽ ചിലവിൽ ദമ്മാമിൽ പുതിയ സ്റ്റേഡിയം വികസിപ്പിക്കുന്നു
ബെൽജിയൻ കമ്പനിയായ ബേസിക്സിനും സൗദി കമ്പനിയായ അൽബവാനിയും ചേർന്നാണ് നിർമ്മാണം നടത്തുക
ദമ്മാം: സൗദി ദമ്മാമിലെ പുതിയ സ്റ്റേഡിയം വികസനത്തിന് കരാറായി. ബെൽജിയൻ കമ്പനിയായ ബേസിക്സിനും സൗദി കമ്പനിയായ അൽബവാനിയും ചേർന്നാണ് നിർമ്മാണം നടത്തുക. സ്റ്റോഡിയവും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് ഒരു ബില്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് മന്ത്രാലയവും സൗദി അരാംകോയും ചേർന്നാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
2027 ഏഷ്യൻ കപ്പിനും 2034 ഫിഫ വേൾഡ് കപ്പിനും വേദിയാകാൻ പോകുന്നതാണ് പുതിയ സ്റ്റേഡിയം. 3.7 ബില്യൺ റിയാൽ ചിലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തിൽ 45000 സീറ്റുകളാണുണ്ടാകുക. എട്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്നതാണ് നിർമ്മാണ പ്രവൃത്തികൾ. ദമ്മാം റാക്കയിലെ സ്പോർട്സ് സിറ്റി ഏരിയയിലാണ് സ്റ്റേഡിയം നിർമ്മിക്കുക. ഇത്തിഫാഖ്, അൽനഹ്ദ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിനോട് ചേർന്നുള്ള ഭാഗത്തായാണ് നിർമ്മാണം. അതിവേഗ നിർമ്മാണത്തിലുൾപ്പെടുത്തിയ പ്രൊജക്ട് 2026 പകുതിയോടെ പൂർത്തിയാക്കാനാണ് പദ്ധതി. യു.കെ ആസ്ഥാനമായ ഫോസ്റ്റർ പാർട്ണേഴ്സാണ് പ്രെജക്ട് കൺസൾട്ടന്റ്.