സൗദിയിൽ നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്
യൂട്യൂബിലും കുട്ടികളുടെ ചാനലുകളിലും വിലക്ക് ബാധകം
Update: 2024-08-25 16:46 GMT
ദമ്മാം: സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനും വിലക്കേർപ്പെടുത്തി. കുട്ടികളുടെ ചാനലുകളിലും യൂട്യൂബിലും സോഷ്യൽ മീഡിയകളിലും പരസ്യം ചെയ്യുന്നതിനാണ് വിലക്ക് ബാധകമാകുക. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് നിയന്ത്രണമേർപ്പെടുത്തിയത്.
12 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാകുക. കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ എല്ലാതരം ഭക്ഷ്യ ഉത്പന്നങ്ങൾക്കും നിയന്ത്രണം ബാധകമാകും. അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള നിലവാരം ഇല്ലാത്തവ, പോഷക മൂല്യം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ, കൂടുതൽ കൊഴുപ്പടങ്ങിയ വസ്തുക്കൾ, കൂടുതൽ പഞ്ചസാരയും ഉപ്പും അടങ്ങിയ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാകും.