മദീന സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാർ നാളെ മുതൽ മക്കയിലെത്തും
ഈ മാസം ഒമ്പതിന് എത്തിതയ 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്
മക്ക: മദീന സന്ദർശനം പൂർത്തിയാക്കി നാളെ മുതൽ ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്തി തുടങ്ങും. കാൽലക്ഷത്തിലേറെ ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് വന്ന 3626 തീർത്ഥാടകരാണ് എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയത്. ഇവർ മദീനയിലെ റൗളാഷെരീഫും, ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചിരുന്നു.
ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സിലാണ് രാവിലെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെടുക. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഉംറ നിർവഹിക്കാനുള്ള ഒരുക്കത്തിലാകും മക്കയിലെത്തുക. ഇവർ പിന്നീട് നാട്ടിൽ നിന്ന് എത്തിയ വളണ്ടിയർമാരുടെ സഹായത്തിൽ മസ്ജിദുൽ ഹറാമിൽ പോയി ഉംറ നിർവഹിക്കും.
താമസ കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കുള്ള ഷട്ടിൽ ബസ് സൗകര്യം വെള്ളിയാഴ്ച ആരംഭിക്കുന്നുണ്ട്. 24 മണിക്കൂറും ഹാജിമാർക്ക് മക്കയിൽ ഇതിൽ യാത്ര ചെയ്യാനാവും. മദീന വഴിയെത്തിയ ഹാജിമാരുടെ മടക്കം ഹജ്ജിനുശേഷം ജിദ്ദ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്.