എയര്‍ ഇന്ത്യ എക്സ്പ്രസ് ദമ്മാം- കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നു; സമ്മര്‍ ഷെഡ്യൂളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസ് കണ്ണൂരിലേക്ക്

മെയ് 2 മുതലുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Update: 2024-03-18 17:32 GMT
Advertising

സൗദി കിഴക്കന്‍ പ്രവിശ്യയിലെ വടക്കേ മലബാറുകാരുടെ നിരന്തര ആവശ്യങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് വീണ്ടും വിമാന സര്‍വീസിന് തുടക്കമാകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇത്തവണ സര്‍വീസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ആഴ്ചയില്‍ മൂന്ന് സര്‍വീസ് വീതം നടത്തുമെന്ന് എയര്‍ ഇന്ത്യഎക്സ്പ്രസും കണ്ണൂര്‍ വിമാനത്താവള കമ്പനിയും വ്യക്തമാക്കി.

മെയ് രണ്ട് മുതല്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്ത കമ്പനി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഗോഫസ്റ്റ് എയര്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടാണ് കണ്ണൂര്‍ ദമ്മാം. എന്നാല്‍ കമ്പനി പൂട്ടിയതോടെ ഇത് പൂര്‍ണ്ണമായും നിലച്ചു. സ്വന്തമായി വിമാനത്താവളമുണ്ടായിട്ടും കോഴിക്കോടിനെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു കണ്ണൂര്‍, കാസര്‍ഗോഡ്, കുടക് ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും. പ്രത്യേകിച്ച് സൗദിയില്‍ സ്‌കൂള്‍ അവധിയും ആഘോഷ അവധികളും അടുത്തെത്തിയ സാഹചര്യത്തില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ ടിക്കറ്റ് നിരക്കിലും ആശ്വാസം പകരുമെന്നാണ് കരുതുന്നത്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News