അൽ ഖോബാർ സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

Update: 2023-10-24 16:55 GMT
Advertising

രിസാല സ്റ്റഡി സര്‍ക്കിള്‍ അൽ ഖോബാർ സോൺ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സോൺ തല മത്സരങ്ങള്‍ സമാപിച്ചു.

പ്രവാസലോകത്തെ കലാസാഹിത്യ രംഗത്ത് താല്പര്യവും അഭിരുചിയുമുള്ള വിദ്യാര്‍ഥികളേയും യുവതിയുവാക്കളെയും പങ്കെടുപ്പിച്ച് യൂനിറ്റ് തലത്തിൽ തുടങ്ങി സെക്ടർ തല മത്സരങ്ങൾക്ക്‌ ശേഷമുള്ള സോൺ തല മത്സരങ്ങൾക്കാണ് വിരാമമായത്.

ഖോബാർ അസീസിയ്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൂന്നു സെക്ടറുകളെ പ്രതിനിധീകരിച്ച് പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍,  ജനറൽ വിഭാഗങ്ങളിലായി 75 ഇന മത്സരങ്ങളിൽ പുരുഷ സ്ത്രീ വിഭാഗങ്ങളിലായി 150 മത്സരാർഥികൾ പങ്കെടുത്തു.

200 പോയിന്റ് നേടി തുഖ്ബ സിറ്റി സെക്ടർ ഒന്നാം സ്ഥാനവും 192 പോയിന്റ് നേടി ബയോണിയ്യ സെക്ടർ രണ്ടാം സ്ഥാനവും നേടി. 130 പോയിന്റ് നേടിയ ഷമാലിയ സെക്ടറാണ് മൂന്നാം സ്ഥാനത്ത്.

സോൺ ചെയർമാൻ ഉസ്മാൻ കല്ലായിയുടെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകനും രിസാല അപ്ഡേറ്റ് എഡിറ്ററുമായ ലുഖ്മാൻ വിളത്തൂർ ഉദ്ഘാടനം ചെയ്തു.

സൗദി ഈസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി സാദിഖ്‌ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐസിഎഫ് ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് കോയ സഖാഫി, കെസിഎഫ് നാഷനൽ കമ്മിറ്റി അംഗം മുഹമ്മദ് മലബട്ട് , ഒഐസിസി ദമ്മാം റീജിയണൽ സെക്രട്ടറി ഇ.കെ സലീം, നവോദയ അൽ ഖോബാർ ഏരിയാ സെക്രട്ടറി ടിഎൻ ഷബീർ, പ്രാസ്ഥാനിക നേതാക്കളായ ബഷീർ പാടിയിൽ, അൻസാറുദ്ദീൻ കൊല്ലം, അബ്ദുൽ റഹീം മഹ്ളരി, നൂറുദ്ദീൻ കുറ്റ്യാടി എന്നിവർ സംസാരിച്ചു.

സമാപന സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു. കലാ പ്രതിഭയായി ദർവേഷ് നസീറും ആയിഷത് തുഹ്റ സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.

ആർഎസ്സി സൗദി ഈസ്റ്റ് ജനറൽ സെക്രട്ടറി റഊഫ്‌ പാലേരി വിജയികളെ പ്രഖ്യാപിച്ചു. സോൺ കലാലയം സെക്രട്ടറി ശമാൽ തെരുവത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ഇബ്രാഹീം ശിവപുരം നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News