എല്ലാത്തിനും കാരണം ഇസ്രയേലെന്ന് അറബ് ലീഗ്; അറബ് ലീഗ് അടിയന്തിര യോഗം ബുധനാഴ്ച

അടിയന്തിര യോഗം വിളിക്കാൻ ഫലസ്തീൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു

Update: 2023-10-09 18:31 GMT
Advertising

റിയാദ്: ഇസ്രയേൽ ഗസ്സയിലേക്ക് പ്രവേശിക്കാനിരിക്കെ അടിയന്തിര യോഗം വിളിച്ച് അറബ് ലീഗ്. ആവർത്തിച്ച് പറഞ്ഞിട്ടും ഇസ്രയേൽ നിലപാട് മാറ്റാതിരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് കാരണമായതെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. നിലപാട് മാറ്റാൻ ഇനിയും ഇസ്രയേൽ തയ്യാറായില്ലെങ്കിൽ ഇത് അവസാനത്തെ യുദ്ധമാകില്ലെന്നും അറബ് ലീഗ് സഹ മേധാവി പറഞ്ഞു. സൗദിയും യു.എ.ഇയും ഖത്തറും ഉൾപ്പെടെ 22 രാഷ്ട്രങ്ങളുടെ സഖ്യമാണ് അറബ് ലീഗ്.

ഗസ്സയുടെ അതിർത്തികളിൽ ലക്ഷത്തിലേറെ ഇസ്രയേൽ സൈനികർ അവസരം കാത്തിരിക്കുകയാണ്. ഏറ്റുമുട്ടലിനൊടുവിൽ ഗസ്സയിലേക്ക് പ്രവേശിക്കുകയാണ് ലക്ഷ്യം. ഗസ്സയിലേക്കുള്ള വെള്ളം ഭക്ഷണം വൈദ്യുതി എന്നിവ ഇസ്രയേൽ ഉപരോധിച്ചിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇസ്രയേലിന്റെ പ്രതികാരം. ഇതിനിടയിലാണ് അറബ് ലീഗ് അടിയന്തിര യോഗം വിളിച്ചത്. കെയ്‌റോയിൽ വെച്ചാകും യോഗം. ഇസ്രയേലിനെ കുറ്റപ്പെടുത്തിയുള്ള അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനയും വന്നിട്ടുണ്ട്.

പ്രശ്‌നപരിഹാരത്തിന് സമ്മതിക്കാതിരുന്ന് ഇസ്രയേൽ തന്നെയാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് അറബ് ലീഗ് സഹ മേധാവി ഹൊസ്സാം സാകി പറഞ്ഞു. നിലപാട് മാറ്റാൻ തയ്യാറായില്ലെങ്കിൽ ഇസ്രയേലിന് ഇത് അവസാന യുദ്ധമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടിയന്തിര യോഗം വിളിക്കാൻ ഫലസ്തീൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ഇസ്രയേലും ഫലസ്തീനും തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും വിവിധ രാജ്യങ്ങളുടെ പിന്തുണ ഇരു കക്ഷികൾക്കുമുണ്ട്. നേരിട്ട് ഇടപെടാതെയാണിത്. ദ്വിരാഷ്ട്ര ഫോർമുലയടക്കം ഇസ്രയേലിലെ തീവ്രവലതു പക്ഷ ഭരണകൂടം തള്ളിയിരുന്നു. നൂറുകണക്കിന് പേരെയാണ് ഓരോ മാസങ്ങളിലും ഫലസ്തീനിൽ ഇസ്രയേൽ സൈന്യം കൊന്നത്. ഇതിന് പ്രതികാരമായും 6000 തടവുകാരെ വിട്ടയക്കാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമാണ് ഗസ്സയിൽ നിന്നുമുണ്ടായത്. സ്ഥിതിഗതി നിയന്ത്രണവിധേയമായില്ലെങ്കിൽ എന്തു ചെയ്യണമെന്നതും അറബ് ലീഗ് ചർച്ച ചെയ്യും.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News