പ്രവേശന വിലക്ക്: സന്ദർശന വിസാ കാലാവധി സൗദി വീണ്ടും നീട്ടി
നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്
സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി നൽകി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആനുകൂല്യം ലഭ്യമാകും. നവംബർ 30 വരെയാണ് കാലാവധി നീട്ടിയത്. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് ദീർഘിപ്പിച്ച് നൽകിയത്. സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുവദിച്ച വിസകളുടെ കാലാവധിയാണ് നടപടികളൊന്നുമില്ലാതെ പുതുക്കി നൽകുക. നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകൾക്കും ആനുകൂല്യം ലഭ്യമാകും.
സന്ദർശക വിസ ലഭിച്ചിട്ടും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ കുടങ്ങിയ കുടുംബങ്ങൾ ഉൾപ്പെടുന്ന പ്രവാസികൾക്ക് പ്രഖ്യാപനം പ്രയോജനപ്പെടും. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് നിലവിൽ നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതിയുള്ളത്. പുറത്ത് നിന്ന് വാക്സിൻ പൂർത്തിയാക്കിയവർക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല.