ബിനാമി കള്ളപണ ഇടപാട് കേസ്; പ്രതികൾക്ക് 4 വർഷം തടവും 60 ലക്ഷം റിയാൽ പിഴയും
ബിനാമി ബിസിനസിന് കൂട്ട് നിന്ന സൗദിപൗരനും പങ്കാളിയായ അറബ് വിദേശി പൗരനുമാണ് കോടതി ശിക്ഷ വിധിച്ചത്
ദമ്മാം: സൗദിയിൽ ബിനാമി ബിസിനസും കള്ളപ്പണ ഇടപാടും നടത്തിയ സ്വദേശിക്കും വിദേശിക്കും ജയിൽശിക്ഷ. നാല് വർഷം തടവും അറുപത് ലക്ഷം റിയാലുമാണ് കോടതി ശിക്ഷ വിധിച്ചത്. പബ്ലിക് പ്രൊസിക്യൂഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബിനാമി ബിസിനസിന് കൂട്ട് നിന്ന സൗദിപൗരനും പങ്കാളിയായ അറബ് വിദേശി പൗരനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുവർക്കും നാല് വർഷം തടവും അറുപത് ലക്ഷം റിയാൽ പിഴയും ചുമത്തി. കുറ്റകൃത്യത്തിലേർപ്പെടുന്നതിന് ഉപയോഗിച്ച പണത്തിന്റെ സമാന മൂല്യം കണക്കാക്കി സ്വത്ത് വകകൾ കണ്ട് കെട്ടാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക് ശേഷം വിദേശിയെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും.
പബ്ലിക് പ്രൊസിക്യൂഷൻ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിമാസ വേതനത്തിന് സ്വദേശിയൊടൊപ്പം ചേർന്ന വിദേശി ഏഴ് മില്യണിലധികം റിയാൽ നിക്ഷേപിച്ചതായി കണ്ടെത്തി. ഇവ പിന്നീട് സ്ഥാപനത്തിൽ നിന്നും ഈടാക്കി വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു. ഇത് കള്ളപ്പണ ഇടപാടിൽ പെടുന്നതായും കോടതി നിരീക്ഷിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും സൗദിയുടെ സാമ്പത്തിക സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.