സൗദിയുടെ ടൂറിസം പ്രോമോട്ട് ചെയ്യാൻ ചൈനയിൽ കാമ്പയിൻ
400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, ചൈനീസ് ട്രാവൽ ഓർഗനൈസേഷനുകൾ എന്നിവ കാമ്പയിന്റെ ഭാഗമായി.
സൗദി അറേബ്യയുടെ ടൂറിസം പ്രോമോഷൻ ലക്ഷ്യമിട്ട് ചൈനയിൽ സംഘടിപ്പിച്ച യാത്രാ കാമ്പയിൻ സമാപിച്ചു. സൗദിയുടെ സംസ്‌കാരവും പൈതൃകവും പ്രകൃതി സൗന്ദര്യവും വിവരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിരുന്നു. 400ൽ അധികം വ്യാപാര പങ്കാളികൾ, മാധ്യമങ്ങൾ, ചൈനീസ് ട്രാവൽ ഓർഗനൈസേഷനുകൾ എന്നിവ കാമ്പയിന്റെ ഭാഗമായി.
'എംബാർക്ക് ഓൺ എ ജേർണി ഓഫ് ഡിസ്‌കവറി ടു സൗദി' എന്ന പേരിലാണ് ഒരാഴ്ച നീണ്ട് നിന്ന് കാമ്പയിൻ സംഘടിപ്പിച്ചത്. ഷാങ്ഹായ് ബണ്ട് വാട്ടർഫ്രണ്ടിൽ സംഘടിപ്പിച്ച കാമ്പയിനിൽ ചൈനീസ് ബഹുജനങ്ങളുടെ വമ്പിച്ച പങ്കാളിത്തമുണ്ടായതായി സൗദി ടൂറിസം അതോറിറ്റി വ്യക്തമാക്കി. സൗദിയുടെ സംസ്‌കാരവും പൈതൃകവും, പ്രകൃതി സൗന്ദര്യവും വിളിച്ചോതുന്ന പ്രദർശനങ്ങൾ, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.
ഒരാഴ്ച നീണ്ടു നിന്ന പ്രദർശന നഗരിയിലേക്ക് ഒരു ലക്ഷത്തോളം പേർ സന്ദർശകരായെത്തി. ചൈനീസ് ദേശീയ ടെലിവിഷൻ, മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ മുഖേന 500 ദശലക്ഷം വരുന്ന ചൈനീസ് ജനതക്ക് സന്ദേശമെത്തിക്കാൻ കഴിഞ്ഞതായി സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. 2023ൽ ഇതിനകം ഒരുലക്ഷത്തിലധികം ചൈനീസ് സഞ്ചാരികളാണ് സൗദി സന്ദർശിച്ചത്. ഇത് വരും വർഷങ്ങളിൽ 50 ലക്ഷം വരെയായി ഉയർത്താൻ ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.