സി.ബി.എസ്.ഇ പരീക്ഷ; റിയാദിലെ ഇന്ത്യൻ എംബസി സ്‌കൂളിന് നൂറ് മേനി വിജയം
457 വിദ്യാർഥികളിൽ 39 പേർക്ക് 90 ശതമാനത്തിലധികം മാർക്കും 208 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനുമുണ്ട്
റിയാദിലെ ഇന്ത്യൻ എംബസി സ്‌കൂളിന് ഇത്തവണയും സി.ബി.എസ്.ഇ പരീക്ഷയിൽ നൂറ് മേനി വിജയം. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയമാണ് റിയാദ് ഇന്ത്യൻ എംബസി സ്‌കൂൾ നേടിയത്. 457 വിദ്യാർഥികളിൽ 39 പേർക്കാണ് 90 ശതമാനത്തിലധികം മാർക്കുളളത്. 208 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനുമുണ്ട്.
സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ സൗമ്യ സീതാപതി രമേശ് 97.6 ശതമാനം മാർക്കോടെ ഇന്ത്യൻ സ്‌കൂളിലെ ടോപ്പറായി. സയൻസിൽ 96.8 ശതമാനം മാർക്കുമായി ഇബ്‌റ സാബിറും ജിസ് ജാനക്‌സികുമാണ് രണ്ടാം സ്ഥാനത്ത്. കൊമേഴ്‌സ് വിഭാഗത്തിൽ ആയിഷ ആസി പാലക്കൽ 91.4 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പറായി.
90.6 ശതമാനം മാർക്ക് നേടിയ ഫാത്തിമ മുഹമ്മദലിയാണ് കൊമേഴ്‌സിൽ രണ്ടാം സ്ഥാനത്ത്. ഹ്യൂമാനിറ്റീസിൽയ 93 ശതമാനം മാർക്കോടെ അലിന ഫുർഖാനും, അയ്ഷ അഹ്‌മദും ഒന്നും രണ്ടും സ്ഥാനത്തെത്തി. പത്താം ക്ലാസ് പരീക്ഷയിൽ താനിയ ഷാനവാസ് 96.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. 96 ശതമാനം മാർക്ക് നേടിയ ദേവൻഷ് ഗോയലാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് അയ്മൻ അമാതുള്ളയും അമൽദേവ് കുഞ്ഞിക്കാട്ടിലുമാണ്.
നൂറ് ശതമാനമാണ് പത്താം ക്ലാസിലും ഇന്ത്യൻ എംബസി സ്‌കൂളിന് ലഭിച്ചത്. 435 കുട്ടികളിൽ 43 പേർക്ക് 90 ശതമാനത്തിലധികം മാർക്കുണ്ട്. 203 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനുമുണ്ട്. വിജയികളെ സ്‌കൂൾ പ്രിൻസിപ്പൽ മീര റഹ്‌മാനും ഭരണസമിതിയും അഭിനന്ദിച്ചു.