കേരളത്തെയും പ്രവാസികളെയും സാധാരണക്കാരനെയും അവഗണിച്ച ബജറ്റ്: നവോദയ സംസ്‌കാരിക വേദി
ബജറ്റ് തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയർത്തുമെന്നും ജനങ്ങൾക്കിടയിൽ അസമത്വം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും നവോദയ സംസ്‌കാരിക വേദി
പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തിനെയും പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ചുവെന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സംസ്‌കാരിക വേദി കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. കേരളത്തിന് എയിംസടക്കമുള്ള പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നു മാത്രമല്ല കേരളം ആവശ്യപ്പെട്ട 24,000 കോടി രൂപയുടെ ധനസഹായവും നൽകിയിട്ടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള തുകയും ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ തുകയും വളം സബ്‌സിഡി കൂടാതെ വിവിധ സബ്‌സിഡികളും വെട്ടിക്കുറച്ചു.
പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും മടങ്ങി വരുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്തി വ്യവസായ മേഖലയിൽ വളർച്ച കൈവരിക്കുന്നതിനും പ്രവാസിയാത്ര ക്ലേശം പരിഹരിക്കുന്നതിനും ബജറ്റിൽ പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവാസികളെയും സംബന്ധിച്ച് ബജറ്റ് തീർത്തും നിരാശാജനകമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്ത് ഉയർത്തുമെന്നും ജനങ്ങൾക്കിടയിൽ അസമത്വം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും പറഞ്ഞു.
കോവിഡിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജനങ്ങൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്‌കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ നവോദയ കേന്ദ്ര കമ്മിറ്റി പറഞ്ഞു.