സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് രീതിയിൽ മാറ്റം; ഇനി ക്യു ആർ കോഡുള്ള പ്രിന്റ് വിസകൾ

തൊഴിൽ വിസകൾ കേരളത്തിലുള്ളവർ പഴയ പോലെ മുംബൈ കോൺസുലേറ്റുകൾ വഴിയാണ് സ്റ്റാമ്പിംഗ് നടത്തേണ്ടത്

Update: 2023-05-04 18:38 GMT
Advertising

റിയാദ്: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയിൽ സൗദി അറേബ്യ മാറ്റം വരുത്തി. സ്റ്റിക്കർ പതിക്കുന്നതിന് പകരം ക്യു ആർ കോഡുകളുള്ള ഇലക്ട്രേണിക് വിസകളാകും ലഭ്യമാവുക. കേരളത്തിൽ നിന്നുള്ളവർ ഇനി കോൺസുലേറ്റിന് പകരം കൊച്ചിയിലെ വിഎഫ്എസ് സെന്ററുകളിലാണ് വിസ സ്റ്റാമ്പിങിന് പാസ്‌പോർട്ട് സമർപ്പിക്കേണ്ടത്. പുതിയ രീതി വിസ സ്റ്റാമ്പിങ് രീതിയിലെ ചാർജ് വർധനക്കും കാരണമായി.

ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപൈൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിലെ സൗദി കോൺസുലേറ്റ്, എംബസികളിലാണ് വിസകൾ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന രീതി അവസാനിപ്പിച്ചത്. തൊഴിൽ, സന്ദർശക വിസകൾ പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ക്യു ആർ കോഡുള്ള പേപ്പർ വിസകളാണ് ഇനി ലഭിക്കുക. വിസ നടപടികൾ പരിഷ്‌കരിച്ച് കോൺസുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ രീതിയിൽ ഇന്ത്യയിൽ ഇന്നലെ മുതൽ പേപ്പർ വിസ പുറത്തിറങ്ങി. വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിച്ച രേഖകൾ സ്വീകരിച്ച കോൺസുലേറ്റ് പേപ്പർ വിസകളാണ് ഇന്നലെ നൽകിയത്. ഇതോടൊപ്പം വിസ സ്റ്റാമ്പിങിന് നൽകേണ്ട രീതിയിലും മാറ്റം വരുത്തി. തൊഴിൽ വിസകൾ കേരളത്തിലുള്ളവർ പഴയ പോലെ മുംബൈ കോൺസുലേറ്റുകൾ വഴിയാണ് സ്റ്റാമ്പിംഗ് നടത്തേണ്ടത്. ഇതിൽ നിലവിലുള്ള രീതി തുടരും. എന്നാൽ സന്ദർശ വിസകൾ സ്റ്റാമ്പ് ചെയ്യാൻ ഇനി കോൺസുലേറ്റുകളിൽ സ്വീകരിക്കില്ല. പകരം വിസ ഫെസിലിറ്റേഷൻ സെന്റർ അഥവാ വിഎഫ്എസ് കേന്ദ്രങ്ങൾ വഴി സമർപ്പിക്കണം.

കൊച്ചിയിലും പുതിയ വിഎഫ്എസ് കേന്ദ്രം തുറന്നിട്ടുണ്ട്. അപോയിൻമെന്റെടുത്താണ് വിഎഫ്എസ് ഓഫീസിലെത്തേണ്ടത്. ബയോമെട്രിക് രേഖകൾ ആവശ്യമില്ലാത്തതിനാൽ അപേക്ഷകർ നേരിട്ട് വരണമന്നില്ല. ട്രാവൽ ഏജൻസികൾ വഴിയോ മറ്റാരെങ്കിലും വഴിയോ കൊച്ചിയിൽ വിസ സ്റ്റാമ്പിംഗിന് അപേക്ഷിക്കാം. അപേക്ഷ നൽകിയാൽ പത്ത് മുതൽ പതിനഞ്ച് ദിവസം വരെ സ്റ്റാമ്പിങിന് എടുത്തേക്കാം. സ്റ്റാമ്പിങ് പൂർത്തിയാകുമ്പോൾ അത് മെയിലിൽ ലഭിക്കും. ഇവ പ്രിന്റ് ചെയ്ത് പാസ്‌പോർട്ടിന്റെ കൂടെ വെച്ചാൽ മതി. എന്നാൽ വിഎഫ്എസ് വഴിയാക്കിയതോടെ വിസ സ്റ്റാമ്പിങിന് ആകെ ചിലവാകുന്ന തുകയും വർധിച്ചു. നേരത്തെ ബോംബൈ വഴി 10,000 മുതലായിരുന്നു സ്റ്റാമ്പിങ് ചാർജ്. പ്രായത്തിനും ഇൻഷൂറൻസിനും അനുസരിച്ച് മാറും. എന്നാൽ വിഎഫ്എസ് വഴി ഇത് കുറഞ്ഞത് 15,000 എങ്കിലും ആകുന്നുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഇൻഷൂറൻസും വിഎഫ്എസ് കേന്ദ്രത്തിനുള്ള ഫീസും കാരണമാണ് ഈ മാറ്റം. ഉയർന്ന ഇൻഷൂറൻസുകളിൽ സൗദിയിൽ ആരോഗ്യ ചികിത്സയും ലഭ്യമാകും. വിഎഫ്എസ് വഴി കാലതാമസം ഉണ്ടാകുമെന്ന് കരുതുന്ന കേരളത്തിലുള്ളവർക്ക് ഡൽഹി എംബസി വഴിയും ഫാമിലി വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്യാം. ഇവിടെ ഏഴ് ദിവസം വരെയാണ് സ്റ്റാമ്പിങിന് എടുക്കുന്ന സമയം. ഇവിടെയും മുംബൈയേക്കാൾ രണ്ടായിരം രൂപ അധികം വരും. പാർസ്‌പോർട്ടിനുള്ള സ്‌റ്റൈറിലൈസേഷൻ ചാർജ് വരുന്നതിനിലാണ് ഇത്.

ഡൽഹിയിൽ വിസ സ്റ്റാമ്പിങിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ സൗദിയിൽ നിന്നും വിസ എടുക്കുമ്പോൾ തന്നെ സ്റ്റാമ്പിങ് കേന്ദ്രം മുംബൈക്ക് പകരം ഡൽഹി എന്ന് തിരഞ്ഞെടുക്കണം. വിസ ഇറങ്ങിയാൽ ഡൽഹിയിൽ വിസ സ്റ്റാമ്പിങ് ചെയ്യുന്ന നാട്ടിലെ ട്രാവൽ ഏജൻസികളിൽ പാസ്‌പോർട്ട് ഏൽപ്പിച്ചാൽ മതി. വരും ദിവസങ്ങളിൽ കൊച്ചിയിലെ വിഎഫ്എസ് കേന്ദ്രം വഴിയുള്ള വിസ സ്റ്റാമ്പിങ് വേഗത്തിലാകുമോ എന്നതും കാത്തിരുന്ന് കാണണം.


Full View

Change in visa stamping method to Saudi; Now print visas with QR code

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News