ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം; ജവാസാത്ത് നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. അടുത്തിടെയാണ് ഗാർഹിക തൊഴിലാളികൾക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനുള്ള അനുമതി ലഭിച്ചത്. പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.
ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറാൻ നേരത്തെ അനുമതിയുണ്ടായിരുന്നില്ല. അടുത്തിടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് പാസ്‌പോർട്ട് വിഭാഗം പ്രഖ്യാപിച്ചതോടെ നിരവധിപേർ പല സ്ഥാപനങ്ങളിലേക്കും തൊഴിൽ മാറിയിരുന്നു.
സ്‌പോൺസറുടെ ദേശീയ തിരിച്ചറിയൽ കാർഡും, തൊഴിലാളിയുടെ ഇഖാമ, പാസ്‌പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. കൂടാതെ സ്‌പോൺസറുമായുള്ള ഇടപാടുകൾ പരിശോധിക്കുന്നതിനായി പ്രത്യേകം അപ്പോയിന്‍മെന്‍റ് എടുക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി. ഹൗസ് ഡ്രൈവർ, സെക്യൂരിറ്റി തുടങ്ങിയ പലവിധ ഗാർഹിക വിസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകൾ സൗദിയിലുണ്ട്. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്‌പോൺസർമാർ ലെവി അടക്കേണ്ടി വരുമെന്ന തീരുമാനം കൂടി കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ, കൂടുതൽ തൊഴിലാളികൾ സ്‌പോൺസർഷിപ്പ് മാറ്റാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.