ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ കോ-എജ്യുക്കേഷന്‍ സംവിധാനം നടപ്പിലാക്കും

ലിംഗ അസമത്വം ഇല്ലാതാക്കാനും പരസ്പര ബഹുമാനം നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ രീതി

Update: 2022-03-11 11:00 GMT
Advertising

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കോ-എഡ്യൂക്കേഷന്‍ സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അഞ്ചാം ക്ലാസ് വരെയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരേ ക്ലാസിലിരുത്തി പഠിപ്പിക്കുക.

2022-23 അധ്യയന വര്‍ഷം മുതല്‍ പുതിയ പഠന രീതി പ്രാബല്യത്തില്‍വരും. ഇന്ത്യന്‍ സ്‌കൂള്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ലിംഗ അസമത്വം ഇല്ലാതാക്കാനും പരസ്പര ബഹുമാനം നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ രീതിയിലേക്ക് മാറുന്നതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കോ-എജ്യുക്കേഷണല്‍ സ്‌കൂള്‍ സമ്പ്രദായത്തിലെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ വിജയിക്കുവാനും, തൊഴില്‍ മേഖലയില്‍ പ്രവേശിക്കുവാനും നന്നായി തയ്യാറെടുക്കുന്നതായി കണ്ടുവരുന്നുണ്ട്. കൂടാതെ ഈ രീതി കുട്ടികളില്‍ സ്വയം പ്രതിച്ഛായ വളര്‍ത്തുകയും ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

കെ.ജി തലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസിലിരുന്ന് പഠിക്കുന്ന രീതി നേരത്തെ തന്നെ ഇന്ത്യന്‍ സ്‌കൂളില്‍ പ്രാബല്യത്തിലുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് അഞ്ചാം ക്ലാസ് വരെ വ്യാപിപ്പിക്കുവാനാണ് തീരുമാനം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News