ഉംറക്കും മക്ക മദീന സന്ദര്‍ശനത്തിനും നിബന്ധന; പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം
മക്കയിലെ നമസ്‌കാരത്തിനും മദീനയിലെ റൗളാ ശരീഫ് സന്ദര്‍ശിക്കാനും നിബന്ധന ബാധകമാണ്.
ഉംറ തീര്‍ഥാടനത്തിനും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതായി സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലെ നമസ്‌കാരത്തിനും മദീനയിലെ റൗളാ ശരീഫ് സന്ദര്‍ശിക്കാനും നിബന്ധന ബാധകമാണ്. മക്ക മദീന നഗരികളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിനിലും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കേ പ്രവേശനമുണ്ടാകൂ. ഒക്ടോബര്‍ പത്തിന് ഞായറാഴച, അതായത് നാളെ രാവിലെ ആറ് മുതല്‍ തീരുമാനം നടപ്പിലാകും.
ഉംറക്കും തവക്കല്‍നാ ആപ്ലിക്കേഷനില്‍ കാണിച്ച വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ ആളുകള്‍, വാക്‌സിന്‍ എടുക്കേണ്ടതില്ല എന്ന അനുമതി പത്രം കാണിക്കണം. ഉംറ തീര്‍ഥാടകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ അനുമതി പത്രം ലഭിച്ചവര്‍ക്കും രാവിലെ മുതല്‍ പ്രവേശനത്തിന് നിബന്ധന ബാധകമാണ്. രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രണ്ടാംഡോസ് എടുക്കുന്നതിനും ബുക്കിങ് ലഭ്യമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.