ജിദ്ദ വിമാനത്താവളത്തിലെ തിരക്ക്: നടപടികൾ സ്വീകരിച്ചതായി അധികൃതർ
കഴിഞ്ഞ റമദാൻ മാസത്തിലാണ് ജിദ്ദ വിമാനത്തവാളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവമുണ്ടായത്
സൌദിയിൽ ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാനിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവത്തെ തുടർന്നാണ് നടപടി. വിമാനത്താളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.
കഴിഞ്ഞ റമദാൻ മാസത്തിലാണ് ജിദ്ദ വിമാനത്തവാളത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവമുണ്ടായത്. കൃത്യസമയത്ത് പുറപ്പെടാനും വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനുമാകാതെ നിരവധി യാത്രക്കാരും തീർഥാടകരും പ്രതിസന്ധിയിലായിരുന്നു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി കാരണങ്ങൾ കണ്ടെത്തി. ഗ്രൂപ്പുകളായി എത്തുന്ന ഉംറ തീർഥാടകരുടെ പ്രകൃതം, ബാഗേജുകളുടെ വലിപ്പക്കൂടുതലും ഭാരക്കൂടുതലും, ജീവനക്കാരുടെ എണ്ണത്തിലും യോഗ്യതയിലുമുള്ള കുറവ്, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി.
ഹജ് ടെര്‍മിനല്‍ വര്‍ഷം മുഴുവന്‍ പ്രയോജനപ്പെടുത്തും, ഇതിലൂടെ തിരക്ക് ഗണ്യമായി കുറക്കാൻ സാധിക്കും. യാത്രക്കാര്‍ക്ക് നല്‍കുന്ന ഏതെങ്കിലും ഒരു സേവനത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പിന്നീടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അബ്ദുൽ അസീസ് അൽ ദുഐലിജ് പറഞ്ഞു.