അഴിമതി: സൗദിയിൽ 78 ഉദ്യോഗസ്ഥർ അറസ്റ്റിൽ
സൗദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ 78 ഉദ്യോഗസ്ഥരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു.
റിയാദ്: സൗദിയിൽ കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ 78 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
സൗദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ (നസഹ) യാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ 78 ഉദ്യോഗസ്ഥരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 116 പേരെക്കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ട്. അറസ്റ്റിലായ 78 പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവൽക്കരണം നടത്തി വരുന്നുണ്ട്.