മാമ്പഴ ഉൽപാദനത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു: സൗദി

68% ഉൽപാദനമാണ് രാജ്യത്തുണ്ടായത്. ജസാൻ പട്ടികയിൽ ഒന്നാമത്

Update: 2024-07-21 16:17 GMT
Advertising

റിയാദ്: മാമ്പഴ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതായി സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയം. ജസാനിലാണ് ഇത്തവണ മാമ്പഴം ഏറ്റവുമധികം ഉൽപാദിപ്പിച്ചത്. സൗദി വിപണിയിലേക്ക് ആവശ്യമായതിന്റെ 68 ശതമാനം രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.

7000ത്തിനടുത്ത കൃഷിയിടങ്ങളിലാണ് ഇത്തവണ മാമ്പഴ കൃഷി നടത്തിയത്. ഇതിലൂടെ ലഭിച്ചത് തൊണ്ണൂറായിരം ടണ്ണിലധികം വിളവാണ്. ഇതോടെ വാർഷിക ഉൽപാദനം 68% ആയി വർധിച്ചു. ഉൽപാദനത്തിൽ ഒന്നാമതെത്തിയിട്ടുള്ളത് ജസാൻ പ്രദേശമാണ്. 60000 ടൺ മാമ്പഴമാണ് ഇവിടെ ഉൽപാദിപ്പിച്ചത്. 18000 ടൺ ഉല്പാദനവുമായി മക്കയാണ് രണ്ടാം സ്ഥാനത്ത്. മദീന, അസീർ, തബൂക്ക്, അൽ ബഹ, നജ്റാൻ, റിയാദ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട വിളവാണ് ഇത്തവണ ലഭിച്ചത്.

ടോമി അറ്റ്കിൻസ്, കേറ്റ്, കെന്റ്, അൽഫോൺസ് എന്നിവയുൾപ്പെടെ ഇരുപതിലധികം വ്യത്യസ്ത തരം മാമ്പഴങ്ങളാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള മാമ്പഴങ്ങളാണിവ. രാജ്യത്ത് ഉയർന്ന സാമ്പത്തിക ലാഭം ലഭിക്കുന്ന ഉഷ്ണമേഖലാ വിളയാണ് മാങ്ങയെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ നീണ്ടുനിൽക്കുന്നതാണ് മാമ്പഴത്തിന്റെ ഉൽപാദന സീസൺ. പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കുക, ഗുണനിലവാരവും, സുരക്ഷാ നിലവാരവും ഉയർത്തുക, കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക, പ്രാദേശിക കർഷകർക്ക് പിന്തുണ നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മന്ത്രാലയം കർഷകർക്കായി നടപ്പാക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News