വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി നിരസിക്കുന്നു; ഇന്ത്യയിൽ നിന്ന് കോവിഡ് കുത്തിവെപ്പെടുത്തവര്‍ പ്രതിസന്ധിയിൽ
അടുത്ത മാസം മുതൽ വാക്‌സിനെടുക്കാത്തവർക്ക് സൗദി തൊഴിലിടങ്ങളിൽ പൂർണ്ണമായും പ്രവേശനം വിലക്കും.
ഇന്ത്യയിൽ നിന്ന് കോവിഡ് കുത്തിവെപ്പെടുത്ത സൗദി പ്രവാസികൾ പ്രതിസന്ധിയിൽ. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. ഇത് മൂലം ജോലി ചെയ്യാനാകാതെ പ്രയാസം നേരിടുകയാണ് പല പ്രവാസികളും.
സൗദിയിൽ തിരിച്ചെത്തിയാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പ്രവാസികളും നാട്ടിൽ വെച്ച് തന്നെ കൊവിഡ് വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചത്. ഇന്ത്യയിൽ നിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി എംബസി അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകളും, സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നതാണ് പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. അതേ സമയം അറ്റസ്റ്റ് ചെയ്യാത്ത സർട്ടിഫിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ എം.ഒ.എച്ചിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചവരും ഉണ്ട്.
എം.ഒ.എച്ചിൽ രജിസ്റ്റർ ചെയ്യാൻ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ട പലരും ഇതിനോടകം തന്നെ ശ്രമം ഉപേക്ഷിച്ച് സൗദിയിൽ തിരിച്ചെത്തി. വാക്സിനെടുത്ത് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിട്ടും അലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പുർത്തീകരിച്ചാണ് ഇവർ പുറത്തിറങ്ങുന്നത്.
എന്നാൽ ഇവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ലാത്തതിനാൽ, കുത്തിവെപ്പെടുത്തിട്ടാല്ലത്തവരുടെ വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുക. അതിനാൽ തന്നെ ജോലി ചെയ്യുവാനും മറ്റും സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണിവർ.
അടുത്ത മാസം മുതൽ വാക്‌സിനെടുക്കാത്തവർക്ക് തൊഴിലിടങ്ങളിൽ പൂർണ്ണമായും പ്രവേശനം വിലക്കുവാനാണ് സൌദിയുടെ നീക്കം. ഇതോടെ എം.ഒ.എച്ചിൽ രജിസ്റ്റർ ചെയ്യാനാകാത്തവർക്ക് ജോലി ചെയ്യാൻ അനുമതി ലഭിക്കില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സൗദിയിൽ നിന്ന് വീണ്ടും വാക്‌സിൻ സ്വീകരിക്കുവാനുള്ള ശ്രമത്തിലാണ് പല പ്രവാസികളും. എന്നാൽ ഈ പ്രവണത ശരിയെല്ലാന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.
സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുൾപ്പെടെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചിട്ടും തവക്കൽനായിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാതെ നെട്ടോട്ടമോടുകയാണ് ആയിരകണക്കിന് പ്രവാസികൾ. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് പലരാജ്യങ്ങൾ താണ്ടി സൗദിയിൽ തിരിചെത്തിയിട്ടും ജോലിചെയ്യാനാകാതെ താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്ത ഗതികേടിലാണിവർ. നയതന്ത്ര തലത്തിൽ കൂടുതൽ ശക്തമായ ഇടപടെലുകൾ നടത്തി ഈ പ്രതിസന്ധിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം.