പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു; സൗദിയിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ച് പൂട്ടുന്നു
സൗദിയിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിക്കുന്നു.രാജ്യത്ത് കോവിഡിനെതിരെ പ്രതിരോധശേഷി നേടിയവരുടെ എണ്ണം ഉയർന്നതാണ് ഇതിന് കാരണം. പ്രതിദിന കേസുകളിലും വൻ കുറവാണ് രേഖപ്പെടുത്തി വരുന്നത്.
സ്‌പെഷ്യൽ വാക്‌സിനേഷൻ സെന്ററുകളുൾപ്പെടെ 585 ഓളംകേന്ദ്രങ്ങളിലൂടെയായിരുന്നു രാജ്യത്ത് ഇത് വരെ കോവിഡ് വാക്‌സിൻ വിതരണം ചെയ്തിരുന്നത്. ഡിസംബർ 17ന് ആരംഭിച്ച വാക്‌സിനേഷൻ പദ്ധതി വഴി ഇത് വരെ നാല് കോടി അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
രാജ്യത്തെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയിൽ 2 കോടി 30 ലക്ഷത്തിലധികം ആളുകൾ ആദ്യ ഡോസും, ഒരു കോടി 75 ലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസും സ്വീകരിച്ച് ഇമ്മ്യൂൺ ആയവരാണ്. പ്രതിരോധ ശേഷി നേടിയ ആളുകളുടെ എണ്ണം ഉയർന്നതോടെ വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും പ്രതിദിന കേസുകളും കുത്തനെ കുറഞ്ഞു. ഇതോടെയാണ് വാക്‌സിനേഷന് പ്രത്യേകമായി തുറന്ന കേന്ദ്രങ്ങളിൽ ചിലത് പ്രവർത്തനം അവസാനിപ്പിച്ചത്. ഖത്തീഫിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് ആശുപത്പരിയോടനുബന്ധിച്ചുള്ള വാക്‌സിനേഷൻ കേന്ദ്രമുൾപ്പെടെ ഏതാനും വാക്‌സിനേഷൻ സെന്റുകളുടുടെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, മറ്റ് കേന്ദ്രങ്ങൾ വഴി 12 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പ് നൽകുന്നത് തുടരും. കൂടാതെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും ഡയാലിസിസ് രോഗികൾക്കും കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസിന്റെ കുത്തിവെപ്പും നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 378 ലെത്തി. 75 പുതിയ കേസുകളും, 64 രോഗമുക്തിയും, 6 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.