സി.ബി.എസ്.ഇ ബോർഡ് പരീക്ഷ: മികച്ച വിജയം നേടി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ
12ാം തരം പരീക്ഷയിൽ മൂന്ന് സ്ട്രീമുകളിലുമായി 673 വിദ്യാർഥികൾ മികച്ച മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി
റിയാദ്:സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ. 12ാം തരം പരീക്ഷയിൽ മൂന്ന് സ്ട്രീമുകളിലുമായി 673 വിദ്യാർഥികൾ മികച്ച മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി.
സയൻസ് വിഭാഗത്തിൽ 97.8 ശതമാനം മാർക്ക് നേടി സ്നേഹിൽ ചാറ്റർജി സ്‌കൂൾ ഒന്നാമതെത്തി. 97.2 ശതമാനം മാർക്കുമായി സൈനബ ബിൻത് പർവേസും 96.6 ശതമാനം മാർക്കുമായി അശ്വിൻ അബിമോനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അരോഹി മോഹൻ ഗൈജ് 96 ശതമാനം മാർക്കോടെ സയൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തി.
കൊമേഴ്സ് വിഭാഗത്തിൽ താഹ ഫൈസൽ ഖാൻ 94.6 ശതമാനം, മൈമൂന ബത്തൂൽ 94.4 ശതമാനം, റീമ അബ്ദുൽ റസാഖ് 93.6 ശതമാനം മാർക്ക് നേടി യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ സൈനബ ബിൻത് പർവേസ് 97.2 ശതമാനം, സഈദ ഫാത്തിമ ഷിറാസ് 96 ശതമാനം, അരീജ് അബ്ദുൽ ബാരി ഇസ്മാഈൽ 96 ശതമാനം മാർക്കോടെ യഥാക്രമം ആദ്യ മൂന്ന് സ്ഥാനത്തിന് അർഹത നേടി. 62 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഉന്നത വിജയം കാഴ്ചവെച്ചു. 167 കുട്ടികൾ 80% - 90% മാർക്കും 197 വിദ്യാർഥികൾ 70% -80%ത്തിനും ഇടയിൽ മാർക്കും നേടി ഉന്നത പഠനത്തിന് അർഹത നേടി.
പത്താം തരം പരീക്ഷയിൽ 856 വിദ്യാർഥികൾ ഉന്നത മാർക്കോടെ ഉപരിപഠനത്തിന് അർഹത നേടി. 97.4% മാർക്കുമായി ഹഫ്സ അബ്ദുസലാം സ്‌കൂൾ ഒന്നാമതെത്തി. 96.8% മാർക്കുമായി ഹനൂൻ നൂറുദ്ദീൻ രണ്ടാം സ്ഥാനത്തിനും 96.6% മാർക്കുമായി ആസിയ ഷിയാസ് റൂണ, മുഹമ്മദ് അബ്ദുൽ മുഹൈമിൻ ഉമർ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
ഭാഷാ വിഭാഗത്തിൽ മലയാളത്തിന് മുഴുവൻ മാർക്ക് നേടി ശ്രേയ ഇന്ദു മോഹൻ, നിദ നജീബ് പാരി എന്നിവർ ഒന്നാമതെത്തി. 143 വിദ്യാർഥികൾ 90%ന് മുകളിൽ മാർക്ക് നേടി ഉന്നത വിജയം കാഴ്ചവെച്ചു. 235 വിദ്യർഥികൾ 80%-90%നും ഇടയിലും, 223 വിദ്യാർഥികൾ 70%-80%നും ഇടയിൽ മാർക്ക് നേടി ഉന്നത വിജയം കാഴ്ചവെച്ചു.
ഉന്നത മാർക്കോടെ വിജയം കാഴ്ചവെച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ സനോജ് ഗോപാലകൃഷ്ണ നായർ, കമ്മിറ്റി അംഗങ്ങൾ, സ്‌കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്റർ എന്നിവർ അഭിനന്ദിച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ഡിപ്പാർട്ട് മെന്റ് മേധാവികളെയും അഭിനന്ദനമറിയിച്ചു.