'സൗദി ദേശീയ പതാകയും രാജകീയ പതാകയും അവഹേളിക്കുന്നത് ശിക്ഷാർഹമായ കുറ്റം'; മുന്നറിയിപ്പുമായി അധികൃതര്‍

ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണ നിറത്തിലുള്ള പട്ട് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക

Update: 2022-02-22 16:03 GMT
Editor : ijas
Advertising

സൗദിയിൽ ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ശിക്ഷാർഹമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ദേശീയപതാകയെയോ രാജകീയ പതാകയെയോ അവഹേളിക്കുന്നത് ഒരു വർഷം വരെ തടവും 3000 റിയാൽ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൗദി സ്ഥാപകദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

ദേശീയപതാകയുടെയും രാജകീയ പതാകയുടെയും വിശേഷണം സമാനമാണ്. ദേശീയ പതാകയുടെ താഴ്ഭാഗത്ത് ദേശീയ ചിഹ്നമായ വാളും പനയും സ്വർണ നിറത്തിലുള്ള പട്ട് നൂലുകളാൽ എംബ്രോയ്ഡറി ചെയ്തതാണ് രാജകീയ പതാക. ഈ വ്യത്യാസം മാത്രമാണ് ഇരു പതാകകളും തമ്മിലുള്ളത്. രാജ്യത്തോടോ ഭരണകൂടത്തോടോ ഉള്ള വെറുപ്പോ അവഹേളനമോ മൂലം ദേശീയ പതാകയെ നിന്ദിക്കൽ, മറ്റേതെങ്കിലും രീതിയിൽ പതാകയെ അപമാനിക്കൽ, പതാക നിലത്തിടൽ, രാജ്യത്തിന്‍റെ മറ്റേതെങ്കിലും ചിഹ്നങ്ങളെ നിന്ദിക്കുകയോ അവമതിക്കുകയോ ചെയ്യൽ, ഇതെല്ലാം സൗദി പതാകനിയമപ്രകാരം കുറ്റകരമാണ്.

സത്യസാക്ഷ്യവചനം ആലേഖനം ചെയ്ത ദേശീയ പതാകയാണ് സൗദിയുടേത്. അറബ് സമൂഹത്തിനിടയിലും ലോക മുസ്‌ലിം സമൂഹത്തിനിടയിലും ഈ സൗദി പതാകക്ക് പ്രാധാന്യമേറെയുണ്ട്. വിവിധ കാലഘട്ടങ്ങളിൽ പലതരം പരിഷ്കാരങ്ങള്‍ വരുത്തിയതാണ് ഇന്ന് കാണപ്പെടുന്ന പതാക. 1973ൽ ഫൈസൽ രാജാവിന്‍റെ കാലത്താണ് ദേശീയ പതാകയിൽ അവസാനത്തെ പരിഷ്‌കാരം വരുത്തിയത്. ഒരു വർഷം വരെ തടവും മൂവായിരം റിയാൽ വരെ പിഴയുമാണ് പതാകയെ അവഹേളിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷ.  

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News