ടിഎ ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു

Update: 2023-12-26 19:58 GMT
Advertising

കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടിഎ ജാഫറിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) അനുശോചിച്ചു.

കേരളത്തിലെ എണ്ണം പറഞ്ഞ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ടി.എ ജാഫറെന്ന് ഡിഫയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

1973ൽ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫർ. 1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു.

1973 ഡിസംബർ 27നാണ് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേയ്‌സിനെ തോൽപ്പിച്ച് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങൾ നടന്നുവരുന്നതിനിടെയാണ് ജാഫർ ലോകത്തോട് വിടപറഞ്ഞത്.

കളിക്കാലം കഴിഞ്ഞ് പരിശീലകനായി വേഷമിട്ടപ്പോഴും വിജയങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു. 1988ലാണ് കേരള സ്‌പോർട്സ് കൗൺസിലിൽ പരിശീലകനായി ചേർന്നത്. ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും പാപ്പച്ചനും ഇഗ്നേഷ്യസുമൊക്കെ കളിച്ച 90കളുടെ തുടക്കത്തിൽ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതിയ ജാഫർ ഫുട്‍ബോൾ ആരാധകരുടെ മനസ്സിൽ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് ഡിഫയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News