വലിയ തുകയും ആഭരണങ്ങളും കൈവശം വെക്കരുത്; ഉംറ തീർഥാടകർക്ക് മുന്നറിയിപ്പ്
റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളിൽ 74 ലക്ഷം പേരാണ് മക്കയിൽ ഉംറ നിർവഹിച്ചത്
ഉംറ തീർഥാടകർ വലിയ തുകകളും വിലയേറിയ ആഭരണങ്ങളും കൈവശം സൂക്ഷിക്കരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളിൽ 74 ലക്ഷം പേരാണ് മക്കയിൽ ഉംറ നിർവഹിച്ചത്. 19 ലക്ഷം പേർ മക്കയിലെ ബസ് സർവീസുകൾ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു ...
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്ന തീർഥാടകർ 60,000 റിയാലിൽ കൂടുതൽ കൈവശം വെക്കരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. കൂടാതെ സ്വർണ ബിസ്‌കറ്റുകൾ അമൂല്യ കല്ലുകൾ, വിലയേറിയ ആഭരണങ്ങൾ എന്നിവ കൈവശം സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ബാങ്കുകളുടെ ആപ്പുകൾ ഡൌണ്ലോഡ് ചെയ്യുന്നതിന് മുമ്പ് അവ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തണം. എടിഎം കാർഡിലെ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറാനോ, അജ്ഞാതരുടെ അക്കൌണ്ടുകളിലേക്ക് പണം അയക്കാനോ പാടില്ല.
ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയാകുകയോ തട്ടിപ്പാണെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാങ്കുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും അക്കാര്യം അറിയിക്കണം. തട്ടിപ്പ് എന്ന് സംശയിക്കപ്പെടുന്ന എസ്.എം.എസ്സുകൾ ലഭിക്കുന്നവർ 330330 എന്ന നമ്പറിലേക്ക് അവ ഫോർവേർഡ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം വിദേശ തീർഥാടകരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ 74 ലക്ഷം പേർ ഉംറ നിർവഹിച്ചതായി മസ്ജിദുൽ ഹറം സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടർ ജനറൽ ഇസ അൽ ഹുദാ ഒരു അറബ് മാധ്യമത്തോട് വെളിപ്പെടുത്തി. റമദാനിലെർ ആദ്യ ഏഴ് ദിവസങ്ങളിലായി 19 ലക്ഷം പേർ മക്കയിലെ ബസ് സർവീസുകൾ ഉപയോഗിച്ചു. 12 റൂട്ടുകളിലായി മുപ്പത്തി ഒന്നായിരത്തിലധികം ട്രിപ്പുകളാണ് ബസുകൾ മക്കയിൽ സർവീസ് നടത്തിയത്.